കൊച്ചി മെട്രോ ഇന്ന് ടെസ്റ്റ് ട്രാക്കില്‍

കൊച്ചി: ആദ്യ പരീക്ഷണ ഓട്ടം 23ന് നിശ്ചയിച്ചിരിക്കുന്ന കൊച്ചി മെട്രോ കോച്ചുകള്‍ തിങ്കളാഴ്ച പരീക്ഷണാര്‍ഥം താല്‍ക്കാലിക ട്രാക്കിലോടും. മെട്രോ ട്രെയിനിലേക്ക് വൈദ്യുതി പ്രവഹിക്കുന്ന ട്രാക്കില്‍ ഇതിന് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിക്കുന്നത്. മറ്റു സാങ്കേതിക തടസ്സമൊന്നും നേരിട്ടില്ളെങ്കില്‍ തിങ്കളാഴ്ചതന്നെ ടെസ്റ്റ് ട്രാക്കിലൂടെ പരിശോധന ആരംഭിക്കാനാകുമെന്ന് കെ.എം.ആര്‍.എല്‍ അധികൃതര്‍ പറഞ്ഞു. ആലുവ മുട്ടം യാര്‍ഡിലെ 975 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രിക് ട്രാക്കാണ് ഇതിന് സജ്ജീകരിച്ചിരിക്കുന്നത്. കോച്ച് നിര്‍മാതാക്കളായ അല്‍സ്റ്റോം, കെ.എം.ആര്‍.എല്‍ അധികൃതര്‍ എന്നിവര്‍ പരിശോധനക്ക് സാക്ഷിയാകും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ട്രയല്‍ റണ്‍ നടക്കുന്ന 23 വരെ കോച്ചുകള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചാണ് പരിശോധന നടത്തുന്നത്. ഈ മാസം 10ന് മുട്ടം യാര്‍ഡിലത്തെിച്ച മെട്രോ കോച്ചുകള്‍ തൊട്ടടുത്ത ദിവസം കൂട്ടിയോജിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക ഇന്‍സ്പെക്ഷന്‍ ബേയിലെ ട്രാക്കുകളില്‍ പരിശോധനയും നടത്തി. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സുരക്ഷാസംവിധാനങ്ങളുടെ കാര്യക്ഷമത ആവര്‍ത്തിച്ച് ഉറപ്പാക്കുകയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണത്തിന്‍െറ ലക്ഷ്യം. 23ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരീക്ഷണ ഓട്ടം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മണിക്കൂറില്‍ അഞ്ച് കി.മീ. വേഗത്തില്‍ 9000 മീറ്റര്‍ ട്രാക്കിലായിരിക്കും പരീക്ഷണ ഓട്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.