പശ്ചിമകൊച്ചിയിലെ ‘റേ’ പദ്ധതി വീണ്ടും തുലാസില്‍

കൊച്ചി: പശ്ചിമകൊച്ചിയിലെ ചേരിനിവാസികളെ പുനരധിവസിപ്പിക്കാനുള്ള രാജീവ് ആവാസ് യോജന (ആര്‍.എ.വൈ) പദ്ധതിക്ക് വീണ്ടും തിരിച്ചടി. ടെന്‍ഡര്‍ ചെയ്ത രണ്ട് കരാറുകാരും പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യത നേടിയില്ളെന്നാണ് കൊച്ചി നഗരസഭാ അധികൃതരുടെ വിശദീകരണം. ഭവനരഹിതരായ കൊച്ചിയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതജീവിതത്തിന് പരിഹാരമായേക്കുമെന്ന് കരുതിയ പദ്ധതിയാണ് വീണ്ടും അവതാളത്തിലായിരിക്കുന്നത്. സര്‍ക്കാറിന്‍െറ കോടികളുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന സിഡ്കോ അസോസിയേറ്റ്സ് ഉള്‍പ്പെടെയുള്ള രണ്ട് കരാറുകാരും പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യത നേടിയില്ളെന്നതാണ് അധികൃതരുടെ വിശദീകരണം. ഇ-ടെന്‍ഡറില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതാണ് കരാറുകാര്‍ യോഗ്യത നേടാതിരിക്കാന്‍ കാരണമെന്നാണ് കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പറയുന്നത്. ഇ-ടെന്‍ഡറില്‍ മുന്‍ പരിചയം വ്യക്തമാക്കുന്ന രേഖകള്‍ കരാറുകാര്‍ സമര്‍പ്പിക്കാതിരുന്നതാകാം പ്രീക്വാളിഫിക്കേഷന്‍ ടെന്‍ഡറില്‍ യോഗ്യത നേടാതിരിക്കാന്‍ ഇടയാക്കിയതെന്നാണ് എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍െറ വിശദീകരണം. ഏതെല്ലാം രേഖകളാണ് സമര്‍പ്പിക്കാതിരുന്നതെന്ന് അധികൃതര്‍ കരാറുകരെ രേഖാമൂലം അറിയിച്ചിട്ടില്ല. ചേരികളിലെ ഭവനരഹിതരുടെ പാര്‍പ്പിട പ്രശ്നം സാമൂഹിക വിഷയമാക്കി അധികൃതരുടെ മുന്നിലത്തെിച്ച സന്നദ്ധസംഘടനകളുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായത്. ചേരി നിവാസികളുടെ പുനരധിവാസപദ്ധതി ഉദ്യോഗസ്ഥലോബിക്ക് നഷ്ടക്കച്ചവടമായതിനാല്‍ പദ്ധതി നടപ്പാക്കാന്‍ താല്‍പര്യം കാണിച്ചില്ളെന്നാണ് ചേരിനിവാസികളുടെ ആരോപണം. ഒറ്റമുറികളില്‍ വാടകക്കും പണയത്തിലുമായി പതിനായിരത്തിലധികം കുടുംബങ്ങളാണ് കൊച്ചിയില്‍ ഇപ്പോഴും കഴിയുന്നത്. സീറോ ലാന്‍ഡ്ലെസ് പദ്ധതിയില്‍ ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി വില്ളേജുകളില്‍നിന്ന് മാത്രം അയ്യായിരത്തിലധികം അപേക്ഷകരാണുണ്ടായിരുന്നു. ഈ പദ്ധതിയില്‍ കേരളത്തിലെതന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കൊച്ചി താലൂക്കില്‍നിന്നായിരുന്നു. 2004ല്‍ പ്രഖ്യാപിച്ച പോവര്‍ട്ടി അലീവിയേഷന്‍ ഓഫ് മട്ടാഞ്ചേരി പദ്ധതിയുടെ ഗതിയാണ് ഇപ്പോള്‍ ആര്‍.എ.വൈ പദ്ധതിക്കും ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ആര്‍.എ.വൈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഗുണഭോക്തൃവിഹിതമായി നല്‍കാന്‍ ലക്ഷം രൂപ കരുതിവെച്ച കുടുംബങ്ങളെയാണ് അധികാരികള്‍ നിരാശപ്പെടുത്തിയത്. കേന്ദ്ര,സംസ്ഥാന, കോര്‍പറേഷന്‍, ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടെ 67 കോടിയുടെ ചേരി നിര്‍മാര്‍ജന പദ്ധതിയാണ് സാങ്കേതികപ്രശ്നങ്ങളില്‍ കുടുങ്ങിയത്. കേന്ദ്രവിഹിതമായി ഏഴുകോടി ലഭിച്ചപ്പോഴും പദ്ധതി നടപ്പാകുമെന്ന് ചേരി നിവാസികള്‍ പ്രതീക്ഷിച്ചു. എന്നാല്‍, പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. ജനപ്രതിനിധികളാവട്ടെ പദ്ധതി നടപ്പാക്കാന്‍ ഇച്ഛാശക്തിയും കാണിച്ചില്ല. ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെ നിരവധി ഭവനപദ്ധതികള്‍ ഇതിനകം യാഥാര്‍ഥ്യമായിട്ടും ചേരിയിലെ ദരിദ്രരുടെ ഫ്ളാറ്റ് സമുച്ചയ പദ്ധതിക്ക് ശാപമോക്ഷമുണ്ടായില്ല. ചേരിരഹിത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ആര്‍.എ.വൈ പദ്ധതിയുടെ ഭാഗമായി മട്ടാഞ്ചേരി പ്രദേശത്തെ തുരുത്തി, കല്‍വത്തി, കോഞ്ചേരി കോളനികള്‍ക്കുവേണ്ടി കൊച്ചി കോര്‍പറേഷന്‍ തയാറാക്കിയ പദ്ധതിക്ക് കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടെന്‍ഡര്‍ നടപടി സ്വീകരിച്ചത്. പശ്ചിമകൊച്ചിയിലെ ദരിദ്ര ഭൂരഹിതരായ 398 കുടുബങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയാണ് ഒടുവില്‍ കോര്‍പറേഷന്‍ അധികൃതര്‍ തട്ടിത്തെറിപ്പിച്ചിരിക്കുന്നത്. 36 മാസം കാലാവധിയുള്ള പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടി പോലും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. 2014 ജൂണ്‍ ഒന്നിനായിരുന്നു ആര്‍.എ.വൈ പദ്ധതി തുടങ്ങിയത്. അന്നുമുതല്‍ ദരിദ്രവിഭാഗത്തിന്‍െറ കിടപ്പാടപദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പുസമയത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണര്‍ന്ന് ടെന്‍ഡര്‍ നടപടി സ്വീകരിച്ചതോടെ പദ്ധതിക്ക് ജീവന്‍ വെച്ചെന്ന് കരുതി ചേരിനിവാസികള്‍ സന്തോഷിച്ചു. എന്നാല്‍, ചേരിനിവാസികളുടെ എല്ലാ സന്തോഷം തല്ലിക്കെടുത്തുന്നതാണ് പുതിയ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.