കുട്ടികള്‍ക്കെതിരായ അതിക്രമം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്‍േറത് കൂടി –ചീഫ് ജസ്റ്റിസ്

കൊച്ചി: കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള ഉത്തരവാദിത്തം വ്യക്തികളുടെയും സമൂഹത്തിന്‍െറയും കൂടിയാണെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, അതിന്‍െറ നടപ്പാക്കല്‍ രീതിയിലാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്സിന്‍െറ ആഭിമുഖ്യത്തില്‍ ‘കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് പരിഹാരം’ സംബന്ധിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. വസ്ത്രം, ഖനനം തുടങ്ങിയ വ്യവസായ മേഖലകളില്‍ കുട്ടികളെ തൊഴിലിന് വേണ്ടി ചൂഷണം ചെയ്യുകയാണ്. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാനാവാതെ ബുദ്ധിവികാസം മരവിച്ചവരായി ഈ കുട്ടികള്‍ മാറുന്നു. ഇത് കുട്ടികളുടെ വളര്‍ച്ച പാടെ ഇല്ലാതാക്കുന്നു. സമൂഹത്തിന്‍െറ വളര്‍ച്ചയാണ് ഇതോടെ ഇല്ലാതാകുന്നത്. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ കൂടുതല്‍ നടക്കുന്ന ലൈംഗികാതിക്രമമാണ്. വീട്ടില്‍നിന്നും അയല്‍പക്കങ്ങളില്‍നിന്നും മറ്റ് ബന്ധുക്കളില്‍ നിന്നുമൊക്കെ ലൈംഗിക പീഡനം നേരിടേണ്ടി വരുന്നുവെന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍, മുമ്പുള്ളതിനേക്കാള്‍ ഏറെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതേസമയം തന്നെ മാധ്യമങ്ങളാല്‍ സമൂഹത്തിന് മുന്നില്‍ വെളിവാക്കപ്പെടുന്ന ഇരകള്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളും കാണാതിരുന്നുകൂട. നിയമങ്ങളുടെ അഭാവമല്ല, അവ നടപ്പാക്കുന്നതിലെ അപാകതയാണ് പലപ്പോഴും ഈ നിയമങ്ങള്‍ കൊണ്ട് പ്രയോജനമില്ളെന്ന അവസ്ഥയുണ്ടാക്കുന്നത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ബാധ്യത സര്‍ക്കാറിനും നിയമത്തിനും ഭരണഘടനക്കും സന്നദ്ധസംഘടനകള്‍ക്കും മാത്രമല്ല. ഓരോ വ്യക്തിക്കും സമൂഹത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ബോധവത്കരണത്തിലൂടെ ശിശു സൗഹാര്‍ദ സമീപനം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാമൂഹികാവബോധമുണ്ടാക്കിയും സ്വയം തിരിച്ചറിവുകളിലൂടെയും മാത്രമേ കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയൂവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കൃഷ്ണദാസ് പി. നായര്‍ പ്രസംഗിച്ചു. വിഷയത്തിന്‍െറ നിയമവശങ്ങളെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി സംസാരിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ബോധിനിയുടെ പ്രവര്‍ത്തകര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫെഡറേഷന്‍ പ്രസിഡന്‍റ് സാലി തോമസ് ചാക്കോ സ്വാഗതവും സെക്രട്ടറി എന്‍.എന്‍. ഗിരിജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.