കുപ്പത്തൊട്ടിയില്‍നിന്ന് നൂറുമേനി; റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ വിളവെടുപ്പുകാലം

കൊച്ചി: എറണാകുളം നോര്‍ത് റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ക്കിത് വിളവെടുപ്പുകാലം. കാട് പിടിച്ച് മാലിന്യം ഉപേക്ഷിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലെ ഭൂമി വൃത്തിയാക്കി ഇറക്കിയ ഏത്തവാഴ കൃഷിയില്‍നിന്ന് നൂറുമേനി കൊയ്തതിന്‍െറ ആവേശത്തിലാണ് ഇവിടത്തെ താമസക്കാര്‍. നോര്‍ത് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് ബിജു, ചീഫ് പാര്‍സല്‍ സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍, സി.സി.ഐ ചന്ദ്രശേഖരന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ശ്രീരാജ്, ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. ഷൈന വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. മാലിന്യത്തിനൊപ്പം സാമൂഹികവിരുദ്ധശല്യവും കൂടിയപ്പോഴാണ് കൃഷി തുടങ്ങാന്‍ പദ്ധതി ആലോചിച്ചതെന്ന് എറണാകുളം സൗത് റെയില്‍വേ സ്റ്റേഷനിലെ ചീഫ് കമേഴ്സ്യല്‍ ക്ളര്‍ക്ക് ദീപ ദിവാകരന്‍ പറഞ്ഞു. കൃഷി വളര്‍ന്നതോടെ മാലിന്യ, സാമൂഹികവിരുദ്ധശല്യം നീങ്ങി. 18 കുടുംബാംഗങ്ങളാണ് കാര്‍ഷിക ഉദ്യമത്തില്‍ പങ്കാളികളായത്. ഏത്തവാഴയും ഇടവിളയായി തക്കാളി, വെണ്ട, പടവലം, വഴുതന, പച്ചമുളക് എന്നിവയും കൃഷി ചെയ്തു. റെയില്‍വേ ഏരിയ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, നോര്‍ത് സ്റ്റേഷന്‍ സൂപ്രണ്ട്, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍, ഐ.ഒ.ഡബ്ള്യു വകുപ്പ് തുടങ്ങിയവരുടെ സഹകരണം കൃഷിക്ക് ലഭിച്ചു. ക്വാര്‍ട്ടേഴ്സില്‍ ഇപ്പോള്‍ ഉപയോഗശൂന്യമായ സ്ഥലം കൂടി കൃഷിയോഗ്യമാക്കാനുള്ള നീക്കത്തിലാണ് താമസക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.