പൊലീസ് മര്‍ദിച്ചതായി പരാതി

പെരുമ്പാവൂര്‍: യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. കോടനാട് ഇലഞ്ഞിക്കമാലി ബേസില്‍ മത്തായിയെയാണ് മര്‍ദിച്ചത്. വ്യാഴാഴ്ച രാത്രി 10.30ന് കോതമംഗലം എസ്.ഐ സുധീര്‍ മനോഹറും കാലടി സ്റ്റേഷനിലെ ഡ്രൈവര്‍ ടി.എസ്. അനീഷും നാല് പൊലീസുകാരും ചേര്‍ന്ന് വീട്ടില്‍നിന്നും വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി ബേസില്‍ ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. വലിയ ടോര്‍ച്ചുകൊണ്ട് തലക്കടിച്ചതായും ലാത്തികൊണ്ട് കഴുത്തിന് കുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കോതമംഗലം സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ച ബേസിലിനെ സാജുപോള്‍ എം.എല്‍.എ ഇടപ്പെട്ട് ഇറക്കുകയായിരുന്നു. കാലടി സ്റ്റേഷനിലെ ചിലര്‍ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് കാണിച്ച് ബേസില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഇതിന്‍െറ വൈരാഗ്യം തീര്‍ക്കാനാണ് പൊലീസിലെ സ്വാധീനം ഉപയോഗപ്പെടുത്തി തന്നെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയില്‍ പറയുന്നു. കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള അമല്‍, ജിയോ എന്നീ പ്രതികളുമായി ബേസില്‍ ഫോണില്‍ ബന്ധപ്പെട്ട വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് എസ്.ഐ. സുധീര്‍ മനോഹര്‍ പറഞ്ഞു. കേസില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ല എന്ന് മനസ്സിലായതിനാല്‍ പറഞ്ഞുവിടുകയായിരുന്നെന്നും എസ്.ഐ അറിയിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ബേസില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ളെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം കോടനാട് ലോക്കല്‍ സെക്രട്ടറി ഒ.ഡി. അനില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.