സംയോജിത ജലഗതാഗത പദ്ധതി കൊച്ചിക്ക് ഹരിത സൗഹൃദമാകും

കൊച്ചി: സംയോജിത ജലഗതാഗത പദ്ധതിയിലൂടെ കൊച്ചിയില്‍ ലക്ഷ്യമിടുന്നത് നഗരഗതാഗതത്തിലെ ഹരിത സൗഹൃദമാതൃക. ഇന്ത്യ-ജര്‍മന്‍ ഉഭയകക്ഷി സഹകരണത്തിന്‍െറ ഭാഗമായി കാലാവസ്ഥയോടിണങ്ങുന്ന ഗതാഗത പദ്ധതികളുടെ ആവിഷ്കരണത്തിന്‍െറ ഭാഗമായാണ് കൊച്ചിയില്‍ 741കോടി ചെലവ് പ്രതീക്ഷിക്കുന്ന സംയോജിത ജലഗതാഗത പദ്ധതിക്ക് കേന്ദ്രത്തിന്‍െറ അന്തിമാനുമതി ലഭിച്ചത്. കൊച്ചിയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേഗതയേറിയതും സുരക്ഷിതവുമായ ജലയാനങ്ങള്‍ ഉപയോഗിച്ച് ജലഗതാഗതം ആധുനികവത്കരിക്കുന്നതാണ് സംയോജിത ജലഗതാഗത പദ്ധതി. പദ്ധതിയുടെ നിര്‍വഹണച്ചുമതല കെ.എം.ആര്‍.എല്ലിനാണ്. കൊച്ചിയിലെ ദ്വീപുകളെയടക്കം ബന്ധപ്പെടുത്തി സമഗ്ര ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതിയില്‍ നിലവിലെ ജെട്ടികളുടെ നവീകരണം, പുതിയ ജെട്ടികള്‍, ജെട്ടികളെ ബന്ധപ്പെടുത്തിയുള്ള റോഡുകള്‍ എന്നിവയുണ്ടാകും. ഫീഡര്‍ ബസുകള്‍, ഇലക്ട്രിക് റിക്ഷകള്‍, സൈക്ക്ളുകള്‍ എന്നിവയുടെ ഉപയോഗവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പ്രധാന ജെട്ടികളിലും ബോട്ട് ഹബുകളിലും വൈഫൈ സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. ടൂറിസവുമായി ബന്ധപ്പെട്ട് കൊച്ചിയുടെ വികസനവും അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കലും പദ്ധതിയുടെ ഭാഗമാണ്. ദ്വീപുകളും ജെട്ടികളും കേന്ദ്രീകരിച്ച് അതിനുചുറ്റും വന്‍ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. 741കോടി ചെലവ് വരുന്ന പദ്ധതിയില്‍ 72 കോടി ഭൂമി ഏറ്റെടുക്കലിനായിരിക്കും വിനിയോഗിക്കുക. ഇതില്‍ ഏകദേശം 595 കോടി രൂപ ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ള്യുവില്‍നിന്നാണ് സമാഹരിക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ വിഹിതമായ 102 കോടിയും ലഭിക്കും. രണ്ട് ഘട്ടങ്ങളായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടം 2016-17ലും രണ്ടാം ഘട്ടം 2018-19ലുമായിരിക്കും പൂര്‍ത്തീകരിക്കുക. പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ 78 ആധുനിക ബോട്ടുകളളും 38 ജെട്ടികളുമുണ്ടാകും. ആദ്യഘട്ടത്തില്‍ 16 റൂട്ടുകളില്‍ ഏഴെണ്ണം പ്രവര്‍ത്തനക്ഷമമാകും. ഈ ഘട്ടത്തില്‍ 43 ബോട്ട് സര്‍വിസാണ് ലക്ഷ്യമിടുന്നത്. 10 മിനിറ്റും 20 മിനിറ്റും ഇടവിട്ടായിരിക്കും ഓരോ റൂട്ടിലേക്കും സര്‍വിസ് നടത്തുക. കൊച്ചിയെ സംബന്ധിച്ച് ഏറ്റവും മഹത്തായ നിമിഷമാണിതെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. റെക്കോഡ് വേഗത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത ജര്‍മന്‍ ബാങ്ക് കെ.എഫ്.ഡബ്ള്യുവിന്‍െറ അന്തിമ തീരുമാനം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.