പരേഡ് മൈതാനത്ത് പുരാതന ചെങ്കല്‍ക്കൂട്ടം; നവീകരണ ജോലികള്‍ നിര്‍ത്തിവെച്ചു

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി പരേഡ് മൈതാനം നവീകരണത്തിനായി കുഴിയെടുത്തപ്പോള്‍ പുരാതന ചെങ്കല്‍ക്കൂട്ടങ്ങള്‍ കണ്ടത്തെി. ഇത് പുരാവസ്തുവാണെന്ന് കാണിച്ച് മുന്‍ കൗണ്‍സിലര്‍ ആന്‍റണി കുരീത്തറ രംഗത്ത് എത്തിയതോടെ മൈതാനം നവീകരണ ജോലികള്‍ താല്‍ക്കാലം നിര്‍ത്തിവെച്ചു. ബുധനാഴ്ചയാണ് കുഴിയെടുത്തപ്പോള്‍ ചെങ്കല്‍ അവശിഷ്ടം കണ്ടത്. ആന്‍റണി കുരീത്തറ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ മൈതാനത്ത് പരിശോധന നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന്‍െറ ബാരക് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍െറ അവശിഷ്ടമാകാമിതെന്നാണ് കരുതുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്‍െറ പരേഡ് മൈതാനമായിരുന്നു. കൊച്ചിയിലെ കായിക പ്രേമികള്‍ വര്‍ഷങ്ങളായി പരിശീലനത്തിനായി ഉപയോഗിക്കുന്ന മൈതാന നവീകരണത്തിന് വിവാദം തടസ്സമാകുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മോശം സാഹചര്യത്തില്‍ കിടന്നിരുന്ന മൈതാനം നവീകരിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. മൈതാനം മണ്ണിട്ട് ഉയര്‍ത്തി പുല്ല് പിടിപ്പിച്ച് മനോഹരമാക്കുന്നതിന് പുറമെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയ്നേജ് നിര്‍മിക്കാനുമാണ് പദ്ധതി. മൈതാനം നവീകരിക്കണമെന്ന കായിക പ്രേമികളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ജോലികള്‍ ആരംഭിച്ചത്. ജനോപകാര പദ്ധതി തടസ്സപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിക്കുന്ന മൈതാനിയില്‍ കുഴിയെടുക്കുമ്പോള്‍ ഇത്തരം കല്ലുകള്‍ സാധാരണമാണെന്നും മൈതാനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളല്ല മറിച്ച് നവീകരണ ജോലികളാണ് നടക്കുന്നതെന്നും ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിന്‍െറ അഭാവമില്ലന്നും പല കാരണങ്ങള്‍ പറഞ്ഞ് വികസന ജോലികള്‍ ചിലര്‍ തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.