ആലുവ റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ് മാറ്റണം

ആലുവ : റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറന്‍ കവാടം വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാലങ്ങളായി ആലുവയുടെ സ്വപ്നപദ്ധതിയാണിത്. ഇതിനായി നിരവധി സമരങ്ങളും നിവേദനങ്ങള്‍ നല്‍കലുമെല്ലാം ഇതിനകം നടന്നിരുന്നു. ഇപ്പോള്‍ ഈ ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. താലൂക്ക് വികസന സമിതി യോഗവും ഏകസ്വരത്തില്‍ ഈ ആവശ്യത്തോട് യോജിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിതിചെയ്യുന്ന റെയില്‍വേ ഗുഡ്സ് ഷെഡാണ് പടിഞ്ഞാറന്‍ കവാടത്തിന് തടസ്സമാകുന്നത്. ഗുഡ്സ്ഷെഡ് പ്രവര്‍ത്തനം മൂലം സിവില്‍ സ്റ്റേഷന്‍ റോഡിലും ബാങ്ക് കവലയിലും ദുരിതമാണ്. സിവില്‍ സ്റ്റേഷനില്‍ എക്സൈസ് വിഭാഗത്തിന്‍െറ നിരവധി ഓഫിസുകള്‍, മുനിസിപ്പല്‍ ലൈബ്രറി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുഡ്സ്ഷെഡ് കളമശ്ശേരിയിലേക്കോ ചൊവ്വരയിലേക്കോ മാറ്റി സ്ഥാപിച്ച് ഈ സ്ഥലം റെയില്‍വേ സ്റ്റേഷന്‍െറ വികസനത്തിന് ഉപയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ട് നാളുകളായി. നിലവില്‍ ഇവിടെ സ്ഥിതിചെയ്യുന്ന സിമന്‍റ് ഗോഡൗണ്‍ മാറ്റുന്നതിന് ആലുവ നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നു. സിമന്‍റ് ഗോഡൗണ്‍ നെടുമ്പാശ്ശേരിയിലേക്കോ, അങ്കമാലിയിലേക്കോ മാറ്റിയാല്‍ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം, പടിഞ്ഞാറന്‍ കവാടം യാഥാര്‍ഥ്യമാകുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. താലൂക്ക് വികസന സമിതിയിലും ആവശ്യം ശക്തമായത് ആലുവക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. മെട്രോ റെയിലിന്‍െറ പ്രഥമ സ്റ്റേഷന്‍ ആലുവ ബൈപാസിലാണ് വരുന്നത്. അതിനാല്‍ തന്നെ ഇതിനോട് ചേര്‍ന്നുകിടക്കുന്ന റെയില്‍വേ സ്റ്റേഷനിലേക്ക് എളുപ്പമത്തൊന്‍ പടിഞ്ഞാറന്‍ കവാടം വഴിയൊരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.