മുറിവുണങ്ങാതെ അരുണ്‍; വഴി കാണാതെ പിതാവ്

ആലുവ: വലത് തുടയിലേറ്റ മുറിവുണങ്ങാതെ പ്ളസ് ടു വിദ്യാര്‍ഥിയായ അരുണ്‍ ആശുപത്രിക്കിടക്കയില്‍ ദുരിതമെണ്ണുന്നു. ഹീമോഫീലിയ എന്ന രക്തം കട്ട പിടിക്കാത്ത രോഗമാണ് ദരിദ്ര കുടുംബാംഗമായ ഈ ബാലന്‍െറ ഭാവിയെ ആശങ്കയിലാഴ്ത്തുന്നത്. രണ്ടുമാസമായി മുറിവിലെ രക്തം കട്ടയാകുന്നില്ല. തുടയില്‍ രക്തം കെട്ടിനിന്ന് വലുപ്പവും വെച്ചിരിക്കുകയാണ്. ചെങ്ങന്നൂര്‍ ആലാ പുലിയൂര്‍ തെക്കേവളവന്നൂര്‍ വീട്ടില്‍ അരുണ്‍ കൃഷ്ണനാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ കുറവായി കാണപ്പെടുന്ന അസുഖമാണ് ഹീമോഫീലിയ. വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ പെയ്ന്‍റിങ് തൊഴിലാളിയായ പിതാവ് രാധാകൃഷ്ണന് നിവൃത്തിയില്ല. മകന് കൂട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ തൊഴിലിനും പോകാന്‍ കഴിയുന്നില്ല. മാതാവ് സുശീലക്ക് തുണിക്കടയില്‍ ജോലി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്. അരുണിന്‍െറ സഹോദരി മംഗലാപുരത്ത് നഴ്സിങ്ങിന് പഠിക്കുകയാണ്. വിദ്യാഭ്യാസ ലോണെടുത്താണ് രാധാകൃഷ്ണന്‍ മകളെ പഠിപ്പിക്കുന്നത്. മൂന്ന് സെന്‍റ് ഭൂമിയില്‍ തേക്കാത്ത ഒരു ചെറിയ വീട്ടിലാണ് ഇവരുടെ താമസം. സഹായിക്കാന്‍ ആരുമില്ലാതെ ഈ കുടുംബം ദുരിതക്കയത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.