പാര്‍ക്കിങ് സ്ഥലം കൈയേറി സമ്മേളനം; പ്രതിഷേധം ശക്തമാകുന്നു

പറവൂര്‍: പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ നഗരസഭ വക ഷോപ്പിങ് കോംപ്ളക്സിന്‍െറ വാഹന പാര്‍ക്കിങ് സ്ഥലം കൈയേറി രാഷ്ട്രീയ പാര്‍ട്ടിക്കാരും സമുദായ സംഘടനകളും സമ്മേളനങ്ങള്‍ നടത്തിവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരമധ്യത്തിലെ കെ.ആര്‍. വിജയന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ളക്സിന്‍െറ പാര്‍ക്കിങ് ഏരിയയാണ് സമ്മേളനങ്ങള്‍ക്കായി പതിവായി ഉപയോഗിക്കുന്നത്. ഇതുമൂലം ഷോപ്പിങ് കോംപ്ളക്സില്‍ വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാകുന്നില്ല. വ്യാപാരവും നിലക്കുന്നു. ഷോപ്പിങ് കോംപ്ളക്സിന്‍െറ രണ്ടാം നിലയിലാണ് മുനിസിപ്പല്‍ ലൈബ്രറി. ശബ്ദ കോലാഹലങ്ങള്‍മൂലം സമ്മേളനങ്ങള്‍ നടക്കുന്ന ദിവസങ്ങള്‍ ലൈബ്രറിയില്‍ ആരും എത്താറില്ല. ഹോട്ടലിന്‍െറയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചാണ് സമ്മേളനങ്ങള്‍ നടക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ പാര്‍ക്കിങ് ഏരിയ അടച്ചുകെട്ടി കസേരകള്‍ നിരത്തി കൈവശപ്പെടുത്തിയിരിക്കും. തുടര്‍ന്ന് വന്‍ശബ്ദത്തില്‍ മൈക്കിലൂടെ പ്രചാരണമായി. പൊലീസില്‍നിന്ന് രേഖാമൂലമുള്ള അനുമതിപോലും വാങ്ങാതെയാണ് മൈക്ക് ഉപയോഗമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അഞ്ച് സമ്മേളനങ്ങള്‍ അരങ്ങേറിയതോടെ വ്യാപാരികള്‍ പ്രതികരിക്കാന്‍ തയാറായി. രാഷ്ട്രീയക്കാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ കേട്ട് മടുത്താണ് വ്യാപാരികള്‍ അവസാനം രംഗത്തിറങ്ങിയത്. പൊതുസ്ഥലത്ത് സമ്മേളനങ്ങള്‍ നടത്തുന്നത് കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാധകമല്ളെന്ന നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വ്യാപാരികള്‍. സമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന പ്രകടനങ്ങള്‍ ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും ഈയിടെയായി നിയന്ത്രിക്കാന്‍ പൊലീസ് എത്താറില്ളെന്ന് ആക്ഷേപമുണ്ട്. പ്രകടനത്തെ മറികടന്ന് വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രകടനക്കാര്‍ സമ്മതിക്കാറില്ല. ഇതും കോടതിവിധികള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.