പള്ളിക്കര: സ്വന്തമായി ഒരുതുണ്ട് ഭൂമിയും ഒരുവീടും എന്ന അമ്പലമേട് അമൃതകുടീരം നിവാസികളുടെ സ്വപ്നം പൂര്‍ത്തിയായില്ല. 2014 ഏപ്രിലില്‍ 1.85 സെന്‍റ് വീതം ആധാരം ചെയ്തുനല്‍കി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പോക്കുവരവ് ചെയ്ത് നല്‍കുകയോ കൈവശാവകാശം നല്‍കുകയോ ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് കോളനി നിവാസികള്‍ ദുരിതത്തിലാണ്. അമൃതാനന്ദമയി മഠമാണ് കോളനിയില്‍ സൗജന്യമായി വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. വീടുകള്‍ 200 ച. അടിയില്‍ കുറവ് വിസ്താരമുള്ളവയും ദുര്‍ബലവുമാണ്. വീടുകള്‍ ചോര്‍ന്ന് ഒലിക്കുന്നതിനാല്‍ പ്ളാസ്റ്റിക് ഷീറ്റ് മേല്‍ക്കൂരയില്‍ വലിച്ചുകെട്ടിയാണ് താല്‍ക്കാലിക ആശ്വാസം കണ്ടത്തെുന്നത്. സ്ഥല സൗകര്യമില്ലാത്തതും വീടുകള്‍ തമ്മിലുള്ള അകലം രണ്ടടി ആയതിനാല്‍ മാലിന്യ പ്രശ്നവും മറ്റ് സാമൂഹിക പ്രശ്നവും രൂക്ഷമാണ്. 700ന് അടുത്ത് അന്തേവാസികള്‍ക്കായി 40 പൊതുകക്കൂസുകളും മഠം നിര്‍മിച്ചുനല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മൂന്നോ നാലോ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കക്കൂസുകള്‍ക്ക് വാതിലുകളും ജലലഭ്യതയുമില്ല. പലരും സ്വന്തം വീട്ടില്‍ മലവിസര്‍ജനം നടത്തി കോളനിയുടെ നടുവിലുള്ള മാലിന്യകൂമ്പാരത്തില്‍ നിക്ഷേപിക്കയാണ്. കക്കൂസ് പൈപ്പുകള്‍ പൊട്ടിയൊലിച്ച് ഭിത്തികളും കോണ്‍ക്രീറ്റും അടര്‍ന്നും ജീര്‍ണാവസ്ഥയിലാണ്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കുടിവെള്ളത്തിന് മൂന്ന് പൊതുടാപ്പുകളാണുള്ളത്. ഇത് അപര്യാപ്തമാണ്. എന്നാല്‍, ഉടമസ്ഥാവകാശം നല്‍കാത്തതിനാല്‍ പഞ്ചായത്തിന് പൊതുടാപ്പ് നിര്‍മിക്കാനാകുന്നില്ല. ഗുരുതര രോഗങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും വിഹാര കേന്ദ്രമാണ് ഇവിടം. ഡെങ്കിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ ഇവിടെയുണ്ട്. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തില്‍ കരിമുകള്‍-കുഴിക്കാട് റോഡില്‍ അമ്പലമേട് ഹരിമറ്റം ക്ഷേത്രത്തിന് എതിര്‍വശം ജി.സി.ഡി.എയുടെ കൈവശമുണ്ടായിരുന്ന 3.14 ഏക്കര്‍ ഭൂമിയില്‍ അമൃതകുടീരം കോളനി സ്ഥാപിച്ചത്. ജി.സി.ഡി.എയുടെ വക റെയില്‍വേ പുറമ്പോക്കിലുണ്ടായിരുന്ന ഉദയകോളനി നിവാസികള്‍, കണ്ണൂര്‍, കോഴിക്കോട് പ്രദേശങ്ങളിലെ അമൃത ട്രസ്റ്റിന് കീഴിലെ അന്തേവാസികള്‍, അമൃത ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.