പള്ളുരുത്തിയില്‍ മയക്കുമരുന്ന് ലോബി വീണ്ടും സജീവമാകുന്നു

പള്ളുരുത്തി: പള്ളുരുത്തി മേഖലയില്‍ ലഹരിക്കച്ചവടക്കാര്‍ വീണ്ടും സജീവമാകുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചുള്ള കച്ചവടമാണ് സജീവം. നേരത്തേ പൊലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ഉള്‍വലിഞ്ഞ സംഘങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഒഴിഞ്ഞ പറമ്പുകള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ താവളമാക്കി അവിടെതന്നെ ലഹരി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയാണ് ഇവര്‍ ഇരകളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം പള്ളുരുത്തി ചിറക്കലില്‍ ഇത്തരത്തിലൊരു കേന്ദ്രം നാട്ടുകാര്‍ തകര്‍ത്തിരുന്നു. നാട്ടുകാരുടെ ഇടപെടല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ പള്ളുരുത്തി, കുമ്പളങ്ങി,ചെല്ലാനം,ഇടക്കൊച്ചി തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടം വരുത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ലഹരി വസ്തുക്കളുമായി പിടിയിലായവരില്‍ മിക്കവരും പിന്നീടും മയക്കുമരുന്ന് ലോബികളുടെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ച് ഇത് വാങ്ങാന്‍ പണമില്ലാതെ വരുമ്പോഴാണ് പലരും കാരിയര്‍മാരായി മാറുന്നത്. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ കേസെടുക്കാന്‍ കഴിയില്ലയെന്നതും ഇതിന് പ്രേരണയാണ്. മയക്കുമരുന്ന് ലോബികളുടെ വലയില്‍നിന്ന് ചെറുപ്പക്കാരെ മോചിപ്പിക്കുന്നതിന് പൊലീസ് ബോധവത്കരണ കേന്ദ്രങ്ങള്‍ വരെ നടത്തുന്നുണ്ടെങ്കിലും ഇവര്‍ പുതിയ ഇരകളെ തേടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.