മരട് മുന്‍ എസ്.ഐക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: പൊലീസ് പീഡനത്തെ തുടര്‍ന്ന് കുണ്ടന്നൂര്‍ കണക്കത്തറ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ മരട് എസ്.ഐ ആയിരുന്ന പി.ആര്‍. സന്തോഷിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് പരിചിതരുടെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു എന്ന പൊലീസ് ഭാഷ്യം വിശ്വസനീയമല്ല. യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാതിരുന്ന യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കുറ്റക്കാരനായ ഓഫിസര്‍ക്കെതിരെ നടപടി എടുക്കാതെ സ്ഥലംമാറ്റി സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. തൃപ്പൂണിത്തുറ എസ്.ഐ ആയിരിക്കുന്ന സമയത്ത് ഏരൂരില്‍ യുവതി റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യുന്നതിന് ഇടയായതും ഈ പൊലീസ് ഓഫിസറുടെ തന്നെ അന്യായമായ പീഡനം മൂലമായിരുന്നു. മരടില്‍ ആത്മഹത്യ ചെയ്ത യുവാവിന്‍െറ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി വെളിവാക്കുന്നു. ഈ സാഹചര്യത്തില്‍ മരട് എസ്.ഐ ആയിരുന്ന പി.ആര്‍. സന്തോഷിനെ സര്‍വിസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. മനോജ് ജി. കൃഷ്ണനും സെക്രട്ടറി അഡ്വ. സന്തോഷ് പീറ്ററും പ്രസ്താവനയില്‍ പറഞ്ഞു. എസ്.ഐ പി.ആര്‍. സന്തോഷിനെ കടുത്ത അച്ചടക്ക നടപടികള്‍ക്ക് വിധേയനാക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനവും ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് മന്ത്രി അടിയന്തരമായി ഈ പ്രശ്നത്തില്‍ ഇടപെടുകയും മരട് എസ്.ഐ പി.ആര്‍. സന്തോഷിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.