പെരുമ്പാവൂര്‍ നഗരത്തിലെ കുരുക്കഴിക്കാന്‍ തീരുമാനം

പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരസഭ ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനങ്ങളായി. യോഗത്തില്‍ സാജുപോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ സതി ജയകൃഷ്ണന്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഴയ കോടതി കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്തുകൂടി നിര്‍മിച്ച കച്ചേരിക്കുന്ന് റോഡിന്‍െറ ടാറിങ് ജോലി നഗരസഭ ഏറ്റെടുത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കും. ആലുവ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മില്ലുംപടി റോഡിലൂടെ കാലടി വഴിയിലേക്ക് തിരിച്ചുവിടും. ഈ രീതിയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് പൊലീസിനെ ചുമതലപ്പെടുത്തി. കാലടി കവലയില്‍ ഇടത്തോട്ട് വാഹനങ്ങള്‍ തിരിയുന്നതിന് തടസ്സമായി നില്‍ക്കുന്ന രണ്ട് വൈദ്യുതി തൂണുകള്‍ നീക്കംചെയ്യും. ഇതിന്‍െറ നടപടിക്കായി പൊതുമരാമത്ത് റോഡ് വിഭാഗത്തിനോട് ആവശ്യപ്പെട്ടു. വൈദ്യുതി തൂണുകള്‍ നീക്കംചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ വൈദ്യുതി വിഭാഗം അസി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കാളച്ചന്ത വഴി വലിയ ഭാരവാഹനങ്ങള്‍ പോകുന്നത് തടയും. ട്രാഫിക് ക്രമീകരണത്തിന്‍െറ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ റോഡ് വിഭാഗത്തെയും ബോര്‍ഡ് സ്ഥാപിക്കേണ്ട സ്ഥലങ്ങളും വിശദാംശങ്ങളും നല്‍കാന്‍ ട്രാഫിക് പൊലീസിനെയും ചുമതലപ്പെടുത്തി. ഓട്ടോ സ്റ്റാന്‍ഡുകളുടെ ക്രമീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഓട്ടോ തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കും. കാലടി ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ് ഒൗഷധി ജങ്ഷനിന്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞതിനു ശേഷമായിരിക്കും. കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിലവിലുള്ള വണ്‍വേ രീതിയില്‍ താലൂക്ക് ആശുപത്രി ജങ്ഷന്‍-തോട്ടുങ്കല്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത് തുടരും. റോഡിലും മീഡിയനിലും കാഴ്ച മറക്കുംവിധം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും കൈയേറ്റവും തടയും. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കുന്നതിന് നഗരസഭയും പൊലീസും ചേര്‍ന്ന് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കും. പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ത്രികോണാകൃതിയിലുള്ള സ്ഥലം ഒഴിപ്പിച്ച് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തും. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ രാത്രികാലങ്ങളില്‍ സാമൂഹികദ്രോഹികള്‍ അഴിഞ്ഞാടുന്നത് നിയന്ത്രിക്കാന്‍ എയ്ഡ് പോസ്റ്റില്‍ പൊലീസിനെ നിയമിക്കും. സ്റ്റാന്‍ഡിലെ വെളിച്ചക്കുറവ് പരിഹരിക്കാനും നടപടി സ്വീകരിക്കും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തീരുമാനമായി. അടുത്ത നഗരസഭാ കൗണ്‍സില്‍ പാര്‍ക്കിങ് ഫീസ് തീരുമാനിക്കും. മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്ന ട്രാഫിക് പൊലീസ് സ്റ്റേഷന്‍ കെട്ടിടം, അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള റിക്കവറി വാഹനങ്ങള്‍ എന്നിവ സര്‍ക്കാറില്‍നിന്ന് അനുവദിക്കാനുള്ള പ്രമേയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പാസാക്കും. നഗരസഭ ലോറി സ്റ്റാന്‍ഡ് പേ ആന്‍ഡ് പാര്‍ക്ക് ആക്കുന്ന കാര്യം അടുത്ത ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.