നാണക്കേടില്‍ മുങ്ങി കൗമാരമേള

കോതമംഗലം: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണത് വിവാദങ്ങളും സംഘര്‍ഷങ്ങളും ബാക്കിയാക്കി. സംഘാടക സമിതിയുടെ പിടിപ്പുകേടും അധ്യാപകര്‍ക്കിടയിലെ തൊഴുത്തില്‍ക്കുത്തുമാണ് ജില്ലയുടെ കൗമാരകലാമേളയെ മുമ്പെങ്ങുമില്ലാത്തവിധം നാണക്കേടില്‍ മുക്കിയത്. ആരംഭദിനം തന്നെ കോഴവിവാദത്തില്‍ കുടുങ്ങിയ മേളയെ സമാപനദിവസം വരെ വിവാദം പിന്തുടര്‍ന്നു. വ്യത്യസ്ത കാരണങ്ങളാല്‍ പൊതുജനം പൂര്‍ണമായും കൈയൊഴിഞ്ഞ മേളകൂടിയായി ഇത്തവണത്തേത്. വിധികര്‍ത്താക്കളെ തടഞ്ഞുവെക്കല്‍, വേദിയില്‍ കുത്തിയിരിക്കല്‍, കൈയാങ്കളി,വിദ്യാര്‍ഥി-യുവജന സംഘടനകളുടെ മാര്‍ച്ചിനത്തെുടര്‍ന്നുണ്ടായ സംഘര്‍ഷം തുടങ്ങി പ്രതിഷേധങ്ങള്‍ അരങ്ങേറിയത് പലവട്ടം. സംഘര്‍ഷം ഭയന്ന് വിധികര്‍ത്താക്കള്‍ മുങ്ങിയ സംഭവം വരെയുണ്ടായി. ആര് ജയിക്കുമെന്നറിഞ്ഞ ശേഷം വിധികര്‍ത്താക്കളെ പിടികൂടാന്‍ വേദിക്കുപുറത്ത് ചിലര്‍ കാത്തുനിന്ന സംഭവം മത്സരം മുള്‍മുനയിലാക്കിയതും ഇക്കുറി. മോഹിനിയാട്ടം വേദിയിലായിരുന്നു ഈ സംഘര്‍ഷം. വിധിനിര്‍ണയത്തിലെ അപാകത ആരോപണവും ഇതേച്ചൊല്ലിയുള്ള ബഹളവും കലോത്സവ ദിവസങ്ങളിലെല്ലാം വേറിട്ട ‘കലാപരിപാടി’ തന്നെയായെന്നുവേണം പറയാന്‍. അതിനിടെ, അപാകത വെളിപ്പെട്ടതിനത്തെുടര്‍ന്ന് രണ്ട് മത്സര ഇനങ്ങളുടെ ഫലപ്രഖ്യാപനം വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ റദ്ദുചെയ്തതോടെ ആരോപണങ്ങളുടെ കുത്തൊഴുക്കായി പിന്നീടങ്ങോട്ട്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ആരോപണപ്പെരുമഴ മാത്രമല്ല, പലയിടത്തും വേദി പിടിച്ചെടുക്കലില്‍ പോലും എത്തി കാര്യങ്ങള്‍. അതേസമയം, കലോത്സവങ്ങളില്‍ മറക്കുള്ളിലായിരുന്ന കോഴ ലോബിയുടെ ശക്തി പുറംലോകമറിഞ്ഞതും ഇത്തവണ. സംഘാടകസമിതി നേരിട്ട് ഇടനിലക്കാര്‍ മുഖേന ബുക്ക് ചെയ്ത വിധികര്‍ത്താക്കളാണ് വിവാദ പുരുഷന്മാരായത്. സാധാരണ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നത്. ജില്ലയില്‍ വര്‍ഷങ്ങളായി ഇതെല്ലാം ചെയ്യുന്നത് കലോത്സവ നടത്തിപ്പുകാരായ അധ്യാപക സംഘടനകള്‍ തന്നെയാണ്. അതിനാല്‍ വിധികര്‍ത്താക്കളെക്കുറിച്ച് പ്രാഥമിക ജ്ഞാനം പോലും ഡി.ഡിമാര്‍ക്കുണ്ടാകണമെന്നില്ല. എന്നാല്‍, കോഴ ആരോപണം ശക്തമായതോടെ സംഘാടകസമിതി തീര്‍ത്തും പ്രതിക്കൂട്ടിലായി. പരാതികള്‍ ഡി.ഡി നേരിട്ട് വിജിലന്‍സില്‍ വരെ എത്തിച്ചതോടെ ആരോപണങ്ങള്‍ക്ക് ഒൗദ്യോഗിക സ്വഭാവവും കൈവന്നു. ജഡ്ജസിനെ മാറ്റിയത് പ്രതിച്ഛായ കൂടുതല്‍ മോശമാകുന്നതിലാണ് കലാശിച്ചത്. പ്രോഗ്രാം, പബ്ളിസിറ്റി, ഭക്ഷണം തുടങ്ങി ഒരോന്നും വ്യത്യസ്ത യൂനിയനുകളുടെ ചുമതലയിലായിരുന്നു പതിവുപോലെ ഇക്കുറിയും . ഭരണാനുകൂല അധ്യാപക സംഘടനയായ ജി.എസ്.ടി.യു ആയിരുന്നു പ്രധാന റോളില്‍. പ്രോഗ്രാം കമ്മിറ്റി കൈവശം വെച്ചത് ഇവര്‍. എന്നാല്‍, മേളയിലെ അഴിമതിക്കും നടത്തിപ്പിലെ അപാകതക്കുമെതിരെ ആദ്യം പ്രതിഷേധവുമായത്തെിയത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. കൂടാതെ, ഭരണാനുകൂല അധ്യാപക സംഘടനകള്‍ക്കിടയിലെ ചേരിപ്പോരും മറനീക്കി. കോണ്‍ഗ്രസ്-ലീഗ് അനുഭാവ അധ്യാപക യൂനിയനുകള്‍ തമ്മില്‍ ചുമതലയെച്ചൊല്ലി ഇടഞ്ഞതാണ് കുഴപ്പമായത്. നടത്തിപ്പുകാരായി പരിചയസമ്പന്നരായ അധ്യാപകരെ കിട്ടാതായതോടെ കോതമംഗലം, പിറവം ബി.പി.ഒമാരുടെ നേതൃത്വത്തില്‍ ബി.ആര്‍.സി ട്രെയ്നര്‍മാരായ അധ്യാപകരാണ് സ്റ്റേജ് മാനേജര്‍മാരയി രംഗത്തത്തെിയത്. ഇത് കലോത്സവ കീഴ്വഴക്കങ്ങള്‍ക്കെതിരാണെന്നും ഇതാണ് പലവേദികളിലെയും സംഘര്‍ഷത്തിന് കാരണമെന്നും അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മത്സരങ്ങള്‍ മണിക്കൂറുകള്‍ വൈകിയതിനുപുറമെ വേദിമാറ്റലും മറ്റും പതിവായതും ഇതുമൂലമാണെന്നാണ് ഇവരുടെ പക്ഷം. കോഴ ആരോപണത്തെക്കാള്‍ നിറം കെടുത്തിയത് നടത്തിപ്പിലെ വീഴ്ചയാണെന്ന് ഭരണപക്ഷ സംഘടനകളും തെളിവ് നിരത്തുന്നു. ഭരണപക്ഷ സംഘടനകളിലെ അവിശ്വാസം മറയാക്കി പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചരടുവലിച്ചതും പ്രശ്നമായി. സാധാരണ പരാതികളില്ലാതെ നടന്ന അറബി കലോത്സവ വേദിയിലാണ് ഇക്കുറി ആദ്യം വെടിപൊട്ടിയത്. വിധി കര്‍ത്താക്കള്‍ യോഗ്യതയില്ലാത്തവരാണെന്ന് ആരോപണം കത്തുകയായിരുന്നു. ഇത് ഒപ്പനയിലേക്കും വട്ടപ്പാട്ടിന്‍െറ വേദിയെച്ചൊല്ലിയും മറ്റും തര്‍ക്കം രൂക്ഷമായതോടെ രംഗം വഷളാക്കി. പരാതിപ്പൂരമായിരുന്നു പിന്നീടങ്ങോട്ട്. പ്രധാന അറബി അധ്യാപക സംഘടനകളായ കെ.എ.ടി.എഫ്, കെ.എ.എം.എ തുടങ്ങിയവരെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി മത്സരം വെച്ചതാണ് അറബി കലോത്സവം അലങ്കോലപ്പെടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.