ഗാര്‍ഡന്‍സിറ്റി റോഡില്‍ നരകയാത്ര

കളമശ്ശേരി: കുണ്ടും കുഴിയും നിറഞ്ഞ് തകര്‍ന്ന് കിടക്കുന്ന നഗരസഭ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. കളമശ്ശേരി നഗരസഭയുടെ അഞ്ചാം വാര്‍ഡിലെ ഗാര്‍ഡന്‍സിറ്റി റോഡിലൂടെയുള്ള യാത്രയാണ് ദുരിതമായത്. എട്ടുവര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡ് ഈ അടുത്തകാലത്തൊന്നും ഒരുവിധ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. കളമശ്ശേരി പുതിയ റോഡും പള്ളത്ത് ഫെറി റോഡും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന ഗാര്‍ഡന്‍സിറ്റി റോഡിലൂടെ നിരവധി കുട്ടികളും മുതിര്‍ന്നവരുമാണ് ദിവസവും കാല്‍നടയായും ഇരുചക്രവാഹനങ്ങളിലും കടന്നുപോകുന്നത്. മഴക്കാലമായാല്‍ വെള്ളക്കെട്ടും ഇഴജന്തുക്കളുടെ ശല്യവും പതിവാണ്. കൂടാതെ, തകര്‍ന്നഭാഗങ്ങളില്‍ സ്കൂട്ടറുകള്‍ തെന്നിമറിയലും പതിവായിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ അധികൃതരെ സമീപിച്ചപ്പോള്‍ റോഡും കാനയും നിര്‍മിക്കാന്‍ ടെന്‍ഡര്‍ നല്‍കിയതായ കഥകളാണ് വിശദീകരിക്കുന്നത്. സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം പൂര്‍ത്തിയാകുന്ന മുറക്ക് റോഡ് നിര്‍മിച്ചുനല്‍കാമെന്നാണ് പറയുന്നത്. എന്നാല്‍, കാല്‍നടപോലും ദുസ്സഹമായിരിക്കുന്ന റോഡ് അടിയന്തരമായി നിര്‍മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് പരിഹരിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായില്ളെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഗാര്‍ഡന്‍സിറ്റി റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.