അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ് നിര്‍മാണത്തിന് തുടക്കമായി

കൊച്ചി: മത്സ്യ, ചെമ്മീന്‍ രോഗനിര്‍ണയത്തിനും ഫാം ഹെല്‍ത്ത് മാനേജ്മെന്‍റിനുമായി അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്‍റ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ് ലബോറട്ടറി നിര്‍മാണപ്രവര്‍ത്തനത്തിന് തുടക്കമായി. സംസ്ഥാനത്തെ ആദ്യ ലബോറട്ടറിയുടെ നിര്‍മാണോദ്ഘാടനം കൊച്ചിയിലെ തേവരയില്‍ ഫിഷറീസ് മന്ത്രി കെ. ബാബു നിര്‍വഹിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനകം കേരളത്തിലെ മത്സ്യോല്‍പാദനം 1.5 ടണ്ണായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മത്സ്യസമൃദ്ധി പദ്ധതി വിജയകരമാണെന്നും ഇതിന് ഉപയോഗിക്കുന്ന വിത്തുകളുടെ പരിശോധനക്ക് ഈ ലാബ് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. മത്സ്യവിത്ത് ഉല്‍പാദനത്തില്‍ കേരളം താമസിയാതെ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂതത്താന്‍കെട്ട്, കല്ലട, തേവള്ളി, ഓടയം, നെയ്യാര്‍ ഡാം, തെന്മല എന്നിവിടങ്ങളിലെ ഹാച്ചറികള്‍ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ഇവയില്‍നിന്നുള്ള വിത്തിന്‍െറ പരിശോധനയും ഈ ലാബില്‍ നിര്‍വഹിക്കാന്‍ കഴിയും. കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള വികസന പ്രവര്‍ത്തനമാണ് ഫിഷറീസ് മേഖലയില്‍ അഞ്ചുവര്‍ഷത്തിനകം നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, എം. എല്‍.എമാരായ ഡൊമിനിക് പ്രസന്‍േറഷന്‍, ലൂഡി ലൂയീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്, നിര്‍മിതികേന്ദ്ര ജില്ല പ്രോജക്ട് മാനേജര്‍ പി.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്‍റണി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. അഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.എസ്. സജീവ് നന്ദിയും പറഞ്ഞു. തേവരയിലെ ഫിഷര്‍മെന്‍ ട്രെയ്നിങ് സെന്‍റര്‍ കെട്ടിടം നവീകരിച്ചാണ് പുതിയ ലാബ് സ്ഥാപിക്കുന്നത്. കെട്ടിട നവീകരണത്തിനായി 1.12 കോടി രൂപയും ലാബ് സ്ഥാപിക്കുന്നതിന് 56 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൈക്രോബയോളജി, ഹിസ്റ്റോപാത്തോളജി, പി.സി.ആര്‍. ലാബുകള്‍ എന്നിവ സജ്ജമാക്കും. ദേശീയ ഫിഷറീസ് വികസന ബോര്‍ഡിന്‍െറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.