മദ്യലഹരിയില്‍ മോഷണവിവരം പുറത്ത്; നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

മൂവാറ്റുപുഴ: ക്ഷേത്രത്തില്‍ മോഷണം നടത്തിയ വിവരം മദ്യലഹരിയില്‍ പുറത്തുപറഞ്ഞയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൂവാറ്റുപുഴയില്‍ വാടകക്ക് താമസിക്കുന്ന വയനാട് സ്വദേശിയെയാണ് തിങ്കളാഴ്ച ഉച്ചക്ക് വാഴപ്പിള്ളിയിലെ മദ്യശാലക്ക് സമീപം വെച്ച് നാട്ടുകാര്‍ പിടികൂടിയത്. വാഴപ്പിള്ളി പുളിഞ്ചുവട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഭദ്രകാളിയുടെ വാളും, നിലവിളക്കും കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷണംപോയിരുന്നു. ശ്രീകോവില്‍ കുത്തിത്തുറന്നാണ് മോഷണം നടന്നത്. വയനാട് സ്വദേശിയെ തിങ്കളാഴ്ച രാവിലെ ക്ഷേത്ര പരിസരത്ത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ മൊബൈല്‍ പണയം വെച്ച് മദ്യപിക്കാനിരുന്നത്. പൈസ തീര്‍ന്നതോടെ ഒരു വാളും നിലവിളക്കും വില്‍ക്കാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. മദ്യലഹരിയില്‍ മോഷണ വിവരവും വെളിപ്പെടുത്തി. ഇതോടെ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍, ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെയത്തെിയ നാട്ടുകാര്‍ സമീപത്തെ വീട്ടിന് പിന്നില്‍ ഒളിഞ്ഞിരുന്ന ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച നിലവിളക്കും വാളും വാഴപ്പിള്ളി ലൊറൊറ്റോ ആശ്രമത്തിന് സമീപത്തുനിന്ന് കണ്ടെടുത്തു. നിരവധിമോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.