മൈക്രോവേവ്-കീഴില്ലം റോഡ് തകര്‍ച്ച: പാറമടകളില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

മൂവാറ്റുപുഴ: മൈക്രോവേവ്-കീഴില്ലം റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തിങ്കളാഴ്ച രാവിലെ ഭാരം കയറ്റി പോയ ലോറികള്‍ തടഞ്ഞു. പായിപ്ര പഞ്ചായത്തിലെ മാനാറി മേഖലയിലെ എട്ടോളം വരുന്ന പാറമടകളില്‍നിന്ന് പാറയും മെറ്റലും മറ്റും കൊണ്ടുപോകുന്ന ടോറസുകളും, ടിപ്പര്‍ ലോറികളുമാണ് തടഞ്ഞത്. മാനാറിയിലെ പാറമടകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇടതടവില്ലാതെ ഓടുന്നതിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മെറ്റല്‍ ഇളകി കാല്‍നടയാത്ര പോലും ദുസ്സഹമായി. ഇതേ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് വാഹനങ്ങള്‍ തടയാന്‍ നാട്ടുകാര്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ ഓടിക്കില്ളെന്ന് ഉടമകള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് തടയല്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് തിങ്കളാഴ്ച രാവിലെ വീണ്ടും വാഹനങ്ങള്‍ ഓടിയതോടെയാണ് നാട്ടുകാര്‍ തടഞ്ഞത്. നേരത്തെ മാനാറി-കീഴില്ലം റോഡിലൂടെയും മാനാറി-അമ്പലംപടി റോഡിലൂടെയുമായിരുന്നു ഈ വാഹനങ്ങള്‍ ഓടിയിരുന്നത്. റോഡ് തകര്‍ച്ചയെ തുടര്‍ന്ന് നാട്ടുകാര്‍ ഇവിടെ വാഹനങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ടിപ്പറുകള്‍ മൈക്രോവേവ്-കീഴില്ലം റോഡ്വഴി ഓടിത്തുടങ്ങുകയായിരുന്നു. ഭാരവണ്ടികള്‍ നിരന്തരം ഓടാന്‍ തുടങ്ങിയതോടെ ടാറിങ് ഇളകി റോഡ് പൂര്‍ണമായി തകരുകയായിരുന്നു. ഇതിനിടെ മൈക്രോവേവ് റോഡിന്‍െറ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം അനുവദിച്ചിരുന്നു. ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായതാണ്. എന്നാല്‍, ഭാരവണ്ടികള്‍ ഓടി റോഡ് പൂര്‍ണമായി തകര്‍ന്നതോടെ നിര്‍മാണത്തില്‍നിന്ന് കോണ്‍ട്രാക്ടര്‍ പിന്‍മാറി. ടിപ്പറുകള്‍ സഞ്ചരിച്ചാല്‍ റോഡ് വീണ്ടും തകരുമെന്നും, ബില്ല് മാറിക്കിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ട്രാക്ടര്‍ പിന്‍മാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.