മുളന്തുരുത്തിയില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് തുറന്നു

കൊച്ചി: സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിന്‍െറ ഭാഗമായി തീരദേശ വികസന കോര്‍പറേഷന്‍ മുളന്തുരുത്തിയില്‍ പണിത ആധുനിക മത്സ്യമാര്‍ക്കറ്റ് തുറമുഖ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം 41 മാര്‍ക്കറ്റ് സമുച്ചയങ്ങള്‍ തീരദേശ വികസന കോര്‍പറേഷന്‍ പണിയാനുദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. 29 എണ്ണത്തിന്‍െറ പണി പൂര്‍ത്തിയായി. നിലവില്‍ ഒമ്പത് മാര്‍ക്കറ്റുകളുടെ പണി പുരോഗമിച്ചു വരുകയാണ്. മൂന്നെണ്ണത്തിന്‍െറ പണി ഉടന്‍ തുടങ്ങും. പതിനൊന്ന് മാര്‍ക്കറ്റുകള്‍ക്ക് കൂടിയുള്ള ശിപാര്‍ശകള്‍ ദേശീയ ഫിഷറീസ് ഡെവലപ്മന്‍റ് ബോര്‍ഡിന്‍െറ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 21 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇതിന്‍െറ നിര്‍മാണം. മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിനു വേണ്ടി കോര്‍പറേഷന്‍ 78 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ. മാണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് ആശ സനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍, സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി ഡോ. കെ. അമ്പാടി, റീജനല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ തീരദേശ ഗ്രാമങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് 600 കോടി ചെലവുള്ള സംയോജിത പദ്ധതിയാണ് തീരദേശ വികസന കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. 95.4 കോടി രൂപ എറണാകുളം ജില്ലയില്‍ മാത്രം ചെലവഴിക്കുന്നുണ്ട്. ഇതില്‍ 38.16 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 57.24 കോടി രൂപയുടെ പദ്ധതികള്‍ നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലാണ്. മുളന്തുരുത്തിയിലെ മാര്‍ക്കറ്റില്‍ മുപ്പത് കടമുറികളാണ് ഒരുക്കിയിട്ടുള്ളത്. ഐസ് പൊടിക്കുന്നതിനുള്ള യൂനിറ്റ്, ഉണക്കമീനിനായി പ്രത്യേകം ഏഴ് കടമുറികള്‍ എന്നിവ ഈ മാര്‍ക്കറ്റിലുണ്ടാകും. 464.3 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള മാര്‍ക്കറ്റ് രണ്ടു നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. 1.23 കോടി രൂപയാണ് ഇതിന്‍െറ ചെലവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.