മഴ: ചമ്പക്കരയില്‍ കടകള്‍ തകര്‍ന്നു

മരട്: വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ചമ്പക്കരയില്‍ കടകള്‍ തകര്‍ന്നു വീണു. വൈറ്റില പേട്ട റോഡില്‍ ചമ്പക്കര സ്കൂളിന് സമീപത്തെ കെ.എം.ജി സ്റ്റോഴ്സ്, എവര്‍ലാസ് അപ്ഹോള്‍സ്റ്ററി കടകളാണ് തകര്‍ന്നത്. കടയുടെ ഓടും പട്ടികയും ഉള്‍പ്പെടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് നിലം പതിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സ്ഥാപന ഉടമകള്‍ സംഭവമറിഞ്ഞത്. തകര്‍ന്ന കടയില്‍ ഉടമകളെ കൂടാതെ ഓരോ തൊഴിലാളികള്‍ വീതവുമുണ്ട്. ചമ്പക്കര സ്കൂളിന് എതിര്‍വശത്ത് താമസിക്കുന്ന ആനി വര്‍ഗീസിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഈ കടകള്‍. മരട് നെടുനിലത്ത് വീട്ടില്‍ മിനി കുഞ്ഞുമോന്‍ നടത്തുന്നതാണ് കെ.എം.ജി സ്റ്റോഴ്സ്. 35 വര്‍ഷത്തോളമായി മിനി ഇവിടെ കട നടത്തുന്നത്. ആന്‍റണി സേവ്യര്‍ നടത്തുന്ന എവര്‍ലാസ് അപ്ഹോള്‍സ്റ്ററി കട 15 വര്‍ഷത്തോളമായി നടത്തി വരുന്നു. വെളുപ്പിനാണ് അപകടം ഉണ്ടായതിനാല്‍ കടയില്‍ ആരും ഇല്ലായിരുന്നു. കൊച്ചി കോര്‍പറേഷനില്‍ പെട്ടതാണ് ഈ ഭാഗം. മെട്രോ അധികൃതരും പി.ഡബ്ളിയു.ഡി അധികൃതരുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. ഒരുവര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ മെട്രോക്ക് വേണ്ടി ഈ സ്ഥലം ഉടന്‍ എടുക്കുമെന്നായിരുന്നു അധികാരികള്‍ പറഞ്ഞത്. ഇത് വരെ ഈ സ്ഥലം ഏറ്റെടുത്തിട്ടില്ല. അതിനാല്‍ അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. വില്ളേജ് അധികൃതരും കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, എ.ബി സാബു തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.