‘എന്‍െറ കുളം എറണാകുളം പദ്ധതി’ ജില്ലാ കലക്ടറുടെ ഇടപെടല്‍ തേടി തുമ്പിച്ചാല്‍, വട്ടച്ചാല്‍ ജലസംഭരണികള്‍

ആലുവ: കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാല്‍, വട്ടച്ചാല്‍ ജലസംഭരണികള്‍ എന്‍െറ കുളം എറണാകുളം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയരുന്നു. ആറ്, ഏഴ്, 11 വാര്‍ഡുകളെ ബന്ധിപ്പിച്ച് സ്ഥിതിചെയ്യുന്ന 10 ഏക്കറുള്ള വിശാല ജലസംഭരണിയാണ് തുമ്പിച്ചാല്‍. ഇതിന്‍െറ ഉപ ജലസംഭരണി വട്ടച്ചാലിന് മൂന്നര ഏക്കറാണ് വിസ്തൃതി. 200 ഏക്കര്‍ വിസ്തൃതിയുള്ള തുമ്പിച്ചാല്‍ പാടശേഖരത്തെ വട്ടം മുറിച്ച് കടന്നുപോകുന്ന തുമ്പിച്ചാല്‍, വട്ടച്ചാല്‍ ജലസംഭരണികള്‍. പാടശേഖരത്തിന് ചുറ്റുമുള്ള അഞ്ഞൂറോളം കിണറുകളിലെയും പറമ്പ് കൃഷിയുടെയും ജലസ്രോതസ്സ് ഈ രണ്ടു ജലസംഭരണികളാണ്. മുന്‍കാലങ്ങളില്‍ പെരിയാറില്‍ നിന്നുള്ള ഉറവ ഈ പ്രദേശത്ത് ലഭിച്ചിരുന്നു. എന്നാല്‍, മണലൂറ്റു വഴി പെരിയാര്‍ അഗാത ഗര്‍ത്തമാകുകയും ഭൂഗര്‍ഭ ജലത്തിന്‍െറ അളവ് ക്രമാധീതമായി താഴുകയും ചെയ്തത് പ്രദേശത്തെ കുടിവെള്ള പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. തുമ്പിച്ചാല്‍, വട്ടച്ചാല്‍ ജലസംഭരണികള്‍ പ്രദേശത്തെ കൃഷിക്കാവശ്യമായ ജലലഭ്യതക്കുവേണ്ടിയാണ് നിലനിന്നിരുന്നത്. പിന്നീട് ജലസംഭരണി ഒരുവിഭാഗം കൈയേറി ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചതും, കൃഷിയുടമകള്‍ അതിനെ ചെറുത്തതും സംഘര്‍ഷങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായിരുന്നു. ഒടുവില്‍ പെരുമ്പാവൂര്‍ കോടതി കൈയേറ്റം ഒഴിപ്പിച്ച് ജല സംഭരണിയായി തുടരാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍, കോടതി വിധി മാനിക്കുന്നതില്‍ മാറി മാറി ഭരിച്ച പഞ്ചായത്ത് ഭരണ സമിതികള്‍ അനാസ്ഥ തുടരുകയും ജലസംഭരണിക്കായി വാദിച്ചു ജയിച്ച കൃഷിക്കാര്‍തന്നെ ഘട്ടം ഘട്ടമായി മൂന്ന് ഏക്കറോളം ജലസംഭരണി കൈയേറിയതായി ആരോപണമുയര്‍ന്നു. ജലസംഭരണി അളന്ന് തിരിച്ച് കൈയേറ്റക്കാരെ ഒഴിവാക്കി സംരക്ഷിക്കണമെന്നാശ്യപ്പെട്ട് 2003ല്‍ ഡോ. അംബേദ്കര്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിനും സര്‍ക്കാറിനും ഭീമഹര്‍ജികള്‍ സമര്‍പ്പിക്കുകയും കര്‍മസമിതി രൂപവത്കരിച്ച് സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. പഞ്ചായത്ത് തുമ്പിച്ചാല്‍ അളന്ന് തിരിച്ച് കൈയേറ്റക്കാരെ ഒഴിവാക്കി ജില്ലാപഞ്ചായത്ത് ലക്ഷം ഫണ്ടു വിനിയോഗിച്ച് രണ്ടു വര്‍ഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും എങ്ങുമത്തെിയില്ല. വീണ്ടും അളന്നു തിട്ടപ്പെടുത്തേണ്ട അവസ്ഥയാണിപ്പോള്‍. രണ്ടു ജലസംഭരണികളും അളന്ന് തിരിച്ച് മാലിന്യങ്ങള്‍ നീക്കി ബണ്ടുകെട്ടി സംരക്ഷിച്ചാല്‍ കൃഷിക്കും, ഇറിഗേഷന്‍ പദ്ധതി നടപ്പാക്കി പ്രദേശത്തുള്ള പറമ്പുകളില്‍ കൃഷിചെയ്യാനും, അതുവഴി കിണറുകളിലെ ഉറവ നിലനിര്‍ത്താനും കഴിയുമെന്ന വിശ്വാസത്തിലാണ് പ്രദേശ വാസികള്‍. ജില്ലാ കലക്ടറുടെ എന്‍െറ കുളം എറണാകുളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് ഡോ.അംബേദ്കര്‍ സ്മാരക ലൈബ്രറി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.