കൊച്ചി മെട്രോ: ശീമാട്ടിയുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് കെ.എം.ആര്‍.എല്‍

കൊച്ചി: മെട്രോ റെയില്‍ നിര്‍മാണത്തിന് ഭൂമി വിട്ടുകിട്ടാന്‍ വസ്ത്ര സ്ഥാപനമായ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കാനാവില്ളെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍). കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള ആദ്യ പരീക്ഷണ ഓട്ടത്തിന് തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നും പുതിയ കരാര്‍ ഉണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം.ആര്‍.എല്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന് കത്ത് നല്‍കിയത്. മെട്രോക്കായി കച്ചേരിപ്പടി ശീമാട്ടിയില്‍നിന്ന് 17 കോടിക്ക് ഏറ്റെടുത്ത 32 സെന്‍റ് ഭൂമിക്ക് കലക്ടര്‍ പരമാവധി തുകയില്‍ കൂടുതലാണ് അനുവദിച്ചതെന്ന് കെ.എം.ആര്‍.എല്‍ ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുക്കാന്‍ ചുമതലയുള്ള റവന്യൂ വകുപ്പും ഡി.എല്‍.പി.സിയും സെന്‍റിന് നിശ്ചയിച്ച പരമാവധി വില 52 ലക്ഷം രൂപയാണ്. ഇതിന് പകരം സെന്‍റിന് 80 ലക്ഷം രൂപക്കാണ് ശീമാട്ടിയില്‍നിന്ന് ഭൂമി ഏറ്റെടുത്തതെന്നും ഡി.എല്‍.പി.സി. നിശ്ചയിച്ച തുകയിലധികം നല്‍കാന്‍ പാടില്ളെന്നിരിക്കെ സര്‍ക്കാറിന് ധനനഷ്ടമുണ്ടാക്കുന്നതാണ് കലക്ടറുടെ നടപടിയെന്നുമാണ് ആരോപണം. മാത്രമല്ല ഏറ്റെടുത്ത ഭൂമിയില്‍ മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും പാടില്ളെന്ന ശീമാട്ടിയുടെ ആവശ്യവും വ്യവസ്ഥയായി ചേര്‍ത്തിട്ടുണ്ട്. വ്യവസ്ഥകളില്ലാതെയാണ് കൊച്ചി മെട്രോക്ക് ഭൂമി നല്‍കേണ്ടതെന്നും കരാര്‍ അംഗീകരിക്കാന്‍ കഴിയില്ളെന്നുമാണ് കഴിഞ്ഞ അഞ്ചിന് കെ.എം.ആര്‍.എല്‍. ജില്ലാ കലക്ടര്‍ക്ക് കൈമാറിയ കത്തിലുള്ളത്. കൊച്ചി മെട്രോ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ തര്‍ക്കത്തിലായതിനെ തുടര്‍ന്ന് ശീമാട്ടിയുടെ പരാതിയില്‍ ഹൈകോടതി വരെ ഇടപെട്ടിരുന്നു. മെട്രോ നിര്‍മാണം സ്തംഭിക്കുമെന്ന ഘട്ടത്തില്‍ കെ.എം.ആര്‍.എല്ലിനെ മാറ്റിനിര്‍ത്തി കലക്ടര്‍ നേരിട്ട് ചര്‍ച്ച നടത്തിയാണ് ഇവിടെ ശീമാട്ടിയുമായി കരാറുണ്ടാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.