കുന്നത്തുനാട്ടില്‍ ഉറച്ച് സജീന്ദ്രന്‍; കലാഭവന്‍ മണിയെവരെ ഇറക്കാന്‍ എല്‍.ഡി.എഫ്

കോലഞ്ചേരി: സിറ്റിങ് എം.എല്‍.എ വി.പി. സജീന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ മുന്നണികള്‍ തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ജനരക്ഷാ മാര്‍ച്ചിന്‍െറ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ കോലഞ്ചേരിയില്‍ വെച്ചാണ് സിറ്റിങ് എം.എല്‍.എ വി.പി. സജീന്ദ്രന്‍െറ സ്ഥാനാര്‍ഥിത്വം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഒൗദ്യോഗീകമായി പ്രഖ്യാപിച്ചത്. ജനരക്ഷാ മാര്‍ച്ചില്‍ സ്ഥാനാര്‍ഥിയെ മുന്‍കൂര്‍ പ്രഖ്യാപിച്ച് വോട്ടഭ്യര്‍ഥിച്ചതും കുന്നത്തുനാട്ടില്‍ മാത്രമാണെന്നതും ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ മറ്റ് പാര്‍ട്ടികളിലും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.പി. സജീന്ദ്രന്‍ 8732 വോട്ടിനാണ് സി.പി.എമ്മിലെ എം.എ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. സി.പി.എമ്മിന്‍െറ കൈവശമിരുന്ന സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കൂടുതല്‍ കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കണമെന്നാണ് സി.പി.എമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നത്. കലാഭവന്‍ മണി ഉള്‍പ്പടെയുളളവരെ പരിഗണിച്ചെങ്കിലും കഴിഞ്ഞതവണ പരാജയപ്പെട്ട എം.എ. സുരേന്ദ്രന്‍, മുന്‍ കലക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍ എന്നിവരുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ഇതിനിടെ, കോണ്‍ഗ്രസ് നേതാവ് പി.വി. ശ്രീനിജിനും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുയര്‍ന്ന വിവാദങ്ങളത്തെുടര്‍ന്ന് സ്ഥാനാര്‍ഥിത്വം നഷ്ടമാവുകയായിരുന്നു. അനധികൃത സ്വത്തുസമ്പാദന-ഭൂമി കൈയേറ്റ വിവാദങ്ങളില്‍ കോടതിയില്‍നിന്ന് ലഭിച്ച അനുകൂല വിധിയുമായാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍െറ രംഗപ്രവേശം. നിലവില്‍ കോണ്‍ഗ്രസുമായി അകന്നുകഴിയുന്ന ശ്രീനിജിനും ഇപ്പോള്‍ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുരോഗതിയുണ്ടാക്കിയ ബി.ജെ.പിയും ഇവിടെ മത്സരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.