ജനറല്‍ ആശുപത്രിയില്‍ മെയിന്‍റനന്‍സ് ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കും

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ മെയിന്‍റനന്‍സ് ഡയാലിസിസ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആശുപത്രിയില്‍ ചേര്‍ന്ന വികസന സമിതി യോഗം തീരുമാനിച്ചു. ഇതിന് ഉപകരണങ്ങള്‍ വാങ്ങാനും സെന്‍റര്‍ സജ്ജീകരിക്കാനും സൊസൈറ്റി രൂപവത്കരിച്ചശേഷം കെ.സി. വേണുഗോപാല്‍ എം.പിയുടെ വികസന ഫണ്ടില്‍നിന്ന് തുക അനുവദിക്കും. രോഗികള്‍ക്ക് ഇതിന്‍െറ സേവനം സൗജന്യമാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ജനറല്‍ ആശുപത്രിയില്‍തന്നെ സൗകര്യം ഒരുക്കും. സെന്‍ററിന്‍െറ പ്രവര്‍ത്തനം സുഗമമാക്കാന്‍ പരിശീലനം നേടിയ ഡോക്ടറുടെ സേവനം ഉറപ്പാക്കും. നിലവില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.ആര്‍.എച്ച്.എമ്മിന്‍െറ സഹായത്തോടെ 60 ലക്ഷം അനുവദിക്കും. ഡോക്ടറുടെ സേവനം ഉറപ്പാക്കിക്കഴിഞ്ഞാന്‍ രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൊസൈറ്റിയുടെ ബൈലോ പ്രകാരമായിരിക്കും ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഇതുകൂടാതെ യൂറോളജി യൂനിറ്റിലേക്ക് ആവശ്യമായ സ്റ്റാഫ് നഴ്സുകളെ നിയോഗിക്കാന്‍ നടപടിയെടുക്കും. അഞ്ചുപേരുടെ തസ്തികകളാണ് ഇവിടെ നികത്താനുള്ളത്. വനിതാ ശിശു ആശുപത്രിയിലെ എക്സ്റേ മെഷീന്‍ മാറ്റിസ്ഥാപിക്കുന്നതിന് യോഗം അനുമതി നല്‍കി. സന്ദര്‍ശകര്‍ക്കുള്ള പാസ് നിരക്ക് വിര്‍ധന വരുത്തേണ്ടെന്നും അംഗീകരിച്ചു. കമ്പ്യൂട്ടറൈസ് റേഡിയോളജി വിഭാഗത്തില്‍നിന്ന് കാഷ്വല്‍റ്റി, ഓര്‍ത്തോ എന്നിവിടങ്ങളിലേക്ക് റിപ്പോര്‍ട്ട് കൈമാറുന്നതിന് നാല് കമ്പ്യൂട്ടറുകള്‍ കൂടി ഏര്‍പ്പെടുത്തും. നിലവില്‍ പ്ളാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സംവിധാനമില്ലാത്തതിനാല്‍ പ്ളാസ്റ്റിക് പൂര്‍ണമായും നിരോധിക്കും. ഇതുസംബന്ധിച്ച അറിയിപ്പുബോര്‍ഡുകള്‍ ആശുപത്രി വളപ്പില്‍ സ്ഥാപിക്കും. ഫിസിയോതെറപ്പി സേവനങ്ങള്‍ക്ക് രോഗികളില്‍നിന്ന് മിതമായ നിരക്കില്‍ തുക ഈടാക്കും. റേഡിയോഗ്രാഫര്‍ ലിസ്റ്റിന്‍െറ കാലാവധി കഴിഞ്ഞതോടെ പുതിയ ലിസ്റ്റില്‍നിന്ന് ആളുകളെ നിയമിക്കാനും തത്ത്വത്തില്‍ അംഗീകാരം നല്‍കി. ആശുപത്രിയിലെ ലാബ് ജീവനക്കാരുടെ പ്രവര്‍ത്തനം മോശമാണെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തില്‍ അറിയിച്ചു. രോഗനിര്‍ണയം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ ജീവനക്കാര്‍ പലപ്പോഴും പരാജയപ്പെടുകയാണ്. ലാബിന്‍െറ പ്രവര്‍ത്തനത്തെ സംബന്ധിച്ച് രോഗികള്‍ പരാതി നല്‍കിയതായും സൂപ്രണ്ട് വ്യക്തമാക്കി. അഞ്ച് ലാബ് ടെക്നീഷ്യന്‍മാരാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. തൃപ്തികരമായി ജോലി ചെയ്യാത്ത ജീവനക്കാര്‍ക്കെതിരെ മെമ്മോ നല്‍കാനും തീരുമാനിച്ചു. വനിതാ റേഡിയോളജിസ്റ്റിനെ അപമാനിച്ചെന്ന പരാതി ലഭിച്ചതിനത്തെുടര്‍ന്ന് ആശുപത്രി ജീവനക്കാരന്‍െറ പേരില്‍ നടപടിയെടുക്കാന്‍ യോഗം ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. എച്ച്.എം.സി, ആര്‍.എസ്.ബി.വൈ എന്നിവയുടെ വരവ് ചെലവുകള്‍ വീണ്ടും പരിശോധിക്കാന്‍ യോഗം നിര്‍ദേശിച്ചു. കലക്ടര്‍ എന്‍. പത്മകുമാര്‍, കെ.സി. വേണുഗോപാല്‍ എം.പി, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫിസ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.