നിയന്ത്രണം വിട്ട ടിപ്പര്‍ ഓട്ടോ ഇടിച്ച് തകര്‍ത്തു

പെരുമ്പാവൂര്‍: അമിത വേഗത്തിലത്തെിയ മിനി ടിപ്പര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ച് തകര്‍ത്തു. മുടക്കുഴ ചുണ്ടക്കുഴി ജങ്ഷനില്‍ വെള്ളിയാഴ്ച രാവിലെ 10.45നായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ചുണ്ടക്കുഴി ഭാഗത്തുനിന്നും കരിങ്കല്ലുമായത്തെിയ ടിപ്പര്‍ ലോറി ജങ്ഷനില്‍ വലതുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയൊടൊപ്പം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലും തകര്‍ത്ത് മരത്തിലിടിച്ചാണ് ലോറി നിന്നത്. മരത്തിനും ലോറിക്കും ഇടയില്‍ കുടുങ്ങിയ പാസഞ്ചര്‍ ഓട്ടോ മുക്കാല്‍ ഭാഗവും ഞെരിഞ്ഞ് തകര്‍ന്നു. അപകടമുണ്ടാകുന്നതിന് സെക്കന്‍ഡുകള്‍ക്കു മുമ്പാണ് ഡ്രൈവറും ഉടമയുമായ അകനാട് കൊരുമ്പൂര് സതീഷ്കുമാര്‍ ഓട്ടോയില്‍ നിന്നിറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് മാറിയത്. ഒരുമാസം മുമ്പാണ് ആപെ ഓട്ടോ അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കിയത്. മിനി ലോറിയുടെ സ്റ്റിയറിങ് തിരിയാതെ വന്നതാണ് അപകടകാരണമെന്ന് ലോറി ഡ്രൈവര്‍ മലയാറ്റൂര്‍ സ്വദേശി രതീഷ് പറയുന്നു. കോടനാട് പൊലീസ് കേസെടുത്തു. ചുണ്ടക്കുഴിയിലെ പാറമടകളില്‍ നിന്നും പരിധിയില്‍ കവിഞ്ഞ് കരിങ്കല്ലുമായി എത്തുന്ന ടിപ്പര്‍ ലോറികള്‍ നിരന്തരം അപകടമുണ്ടാക്കിയിട്ടും കര്‍ശന നടപടികളെടുക്കാത്തതില്‍ നാട്ടുകാര്‍ക്ക് വന്‍ പ്രതിഷേധമുണ്ട്. ഇളമ്പകപ്പിള്ളിയില്‍ അമിത വേഗത്തിലത്തെിയ രണ്ട് ലോറികള്‍ ഇടിച്ചത് ഏതാനും നാള്‍മുമ്പായിരുന്നു. അപകടത്തില്‍ ഒരു ടിപ്പര്‍ ഡ്രൈവറുടെ കാലൊടിഞ്ഞിരുന്നു. ഇളമ്പകപ്പിള്ളി പാലത്തില്‍ സൈക്ക്ള്‍ യാത്രക്കാരനായ വൃദ്ധനെ ടിപ്പര്‍ ലോറിയിടിച്ചിരുന്നു. നേരത്തെ കയ്യുത്തിയാല്‍ കയറ്റത്തില്‍ ലോറിയില്‍ നിന്നും കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു. അമിത വേഗതയിലും പരിധി കവിഞ്ഞ് കരിങ്കല്ലും കയറ്റി വരുന്ന ലോറികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതാണ് തുടര്‍ അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്കൂള്‍ സമയത്തും ടിപ്പര്‍ ലോറികള്‍ പാഞ്ഞാലും നടപടിയുണ്ടാകാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.