അനധികൃത കടമുറികള്‍: ആലുവ നഗരസഭയില്‍ പ്രതിഷേധം

ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്‍െറ പ്രവേശ കവാടത്തിനരികില്‍ നിര്‍മിച്ച രണ്ട് അനധികൃത കടകളുമായി ബന്ധപ്പെട്ട് നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കടമുറികള്‍ പൊളിക്കാമെന്ന ഉറപ്പ് ചെയര്‍പേഴ്സണ്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രാംഗങ്ങളായ സെബി.വി. ബാസ്റ്റിന്‍, കെ. ജയകുമാര്‍, ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചത്. അനധികൃത കടകള്‍ പൊളിക്കാന്‍ കഴിഞ്ഞ മാസം നഗരസഭ സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍, സമവായ ചര്‍ച്ചകളെ തുടര്‍ന്ന് ജനുവരി 31 നകം പൊളിക്കാമെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം ഉറപ്പ് നല്‍കിയിരുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഫെബ്രുവരി മാസമായിട്ടും കടകള്‍ പൊളിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയത്. സ്റ്റാന്‍ഡിന്‍െറ തെക്കേ പ്രവേശ കവാടത്തില്‍ ഉണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ബങ്കുകള്‍ വടക്ക് ഭാഗത്തേക്ക് മാറ്റാനായിരുന്നു ഉത്തരവുണ്ടായത്. കോണ്‍ക്രീറ്റും, സ്റ്റീലും, അലുമിനീയം ഷീറ്റും, ഷട്ടറും, ടൈലും ഉപയോഗിച്ച് സ്ഥിരം നിര്‍മാണമാണ് നടത്തിയിരിക്കുന്നതെന്ന് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത് പൊളിക്കണമെന്ന ആവശ്യം ശക്തമായത്. ഇതിനിടെ കടക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തത് കോടതിയില്‍ പോകാനുള്ള സമയമൊരുക്കിയതാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പഴയ കടയുടെ കരമടച്ച രസീത് ഉപയോഗിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഭരണ കക്ഷിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും കടകള്‍ പൊളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കൗണ്‍സില്‍യോഗത്തില്‍ ഇവര്‍ മൗനം പാലിക്കുകയാണെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥരും, ഭരണപക്ഷവും ചേര്‍ന്നുള്ള ഒത്തുകളിയാണിതെന്ന് പ്രതിഷേധം നടത്തിയ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനെതിരെ വിജിലന്‍സിനെ സമീപിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതിനിടയില്‍ തങ്ങളുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് കടയുടമകള്‍ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.