തൂമ്പുങ്ങല്‍ തോടിന് സമീപത്തെ മാലിന്യം ഉടന്‍ നീക്കണം –കോടതി

കളമശ്ശേരി: മുട്ടാര്‍ പുഴയിലേക്ക് എത്തിച്ചേരുന്ന തൂമ്പുങ്ങല്‍ തോടിന് സമീപം കളമശ്ശേരി നഗരസഭ കൂട്ടിയിട്ടിരിക്കുന്ന ഖരമാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി റിസര്‍ച് കോഓഡിനേറ്റര്‍ പുരുഷന്‍ ഏലൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഇടക്കാല ഉത്തരവ്. മാലിന്യം നീക്കാന്‍ കളമശ്ശേരി നഗരസഭ സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്തെല്ലാമെന്ന് സ്ഥലം പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു. കേസ് 12ന് വീണ്ടും പരിഗണിക്കും. നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ മാലിന്യം സംഭരിക്കുന്നതും സംസ്കരിക്കുന്നതും മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് നിയമപ്രകാരമല്ളെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മാലിന്യ കേന്ദ്രത്തില്‍നിന്നുള്ള മാലിന്യം തൂമ്പുങ്ങല്‍ തോടിലേക്കും അതുവഴി ഏലൂര്‍ നഗരസഭ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മുട്ടാര്‍ പുഴയിലേക്കുമാണെന്നും ഹരജിക്കാരന്‍ പറഞ്ഞു. ഈ മലിനജലം കലര്‍ന്ന് പുഴയിലെ ഓക്സിജന്‍െറ അളവ് കുറഞ്ഞതുമൂലം മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. അടുത്തിടെ കളമശ്ശേരിയിലത്തെിയ പാര്‍ലമെന്‍റ് കമ്മിറ്റി നഗരസഭയുടെ മാലിന്യ സംസ്കരണത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ മാലിന്യം മണ്ണിട്ട് മൂടുന്നതിനുള്ള നീക്കമാണ് നടന്നുവരുന്നതെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. ഹരജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.കെ. അഷ്കര്‍, ആഷിറ മുഹമ്മദ് അഷ്റഫ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.