ജില്ലയില്‍ നാല് വല നന്നാക്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കും –മന്ത്രി ബാബു

കൊച്ചി: കേരള തീരദേശ വികസന കോര്‍പറേഷന്‍ ജില്ലയില്‍ മത്സ്യബന്ധന വലകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് 1.66 കോടിരൂപ മുടക്കി നാല് നെറ്റ് മെന്‍ഡിങ് യാര്‍ഡുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി കെ. ബാബു. ഉദയംപേരൂര്‍ പഞ്ചായത്തിലെ കുറുപ്പുനേഴത്തില്‍ 18 ലക്ഷംരൂപ ചെലവാക്കി നിര്‍മിച്ച യാര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍ ജേക്കബ് ആധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി ദിവാകരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ഷാജി, ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ തുളസിദാസപ്പന്‍, തീരദേശവികസന കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തീരദേശ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കി നബാര്‍ഡിന്‍െറ ധനസഹായത്തോടെ 150 കോടി മുടക്കി പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായാണ് നെറ്റ് മെന്‍ഡിങ് യാര്‍ഡുകള്‍ നിര്‍മിക്കുന്നത്. 51 യാര്‍ഡുകള്‍ക്ക് വേണ്ടി 17.43 കോടി രൂപയാണ് കോര്‍പറേഷന്‍ വകയിരുത്തിയത്. 108 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കുറുപ്പനേഴത്ത് വാര്‍ഡില്‍ വല അറ്റകുറ്റപ്പണിക്കായി വലിയ ഹാളും വലകള്‍ സൂക്ഷിക്കുന്നതിന് മുറിയുമുണ്ട്. ഈ യാര്‍ഡുള്‍പ്പെടെ തീരദേശ വികസന കോര്‍പറേഷന്‍ 20 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.