താല്‍ക്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞു; കളമശ്ശേരിയില്‍ ശുചീകരണം താളംതെറ്റും

കളമശ്ശേരി: നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരുടെ കാലാവധി ഇന്നലെ അവസാനിച്ചതോടെ നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സര്‍ക്കാറിന്‍െറ പ്രത്യേക ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ 40 ജീവനക്കാരെ താല്‍ക്കാലിക വ്യവസ്ഥയില്‍ നഗരസഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചത്. ഇവരെ ഉപയോഗിച്ചായിരുന്നു നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും നഗരസഭക്ക് ലഭിക്കേണ്ട റവന്യൂ വരുമാനവും ഉള്‍പ്പെടെ പിരിച്ചെടുക്കുന്ന ജോലികളും ചെയ്തിരുന്നത്. കഴിഞ്ഞ 25ന് നടന്ന കൗണ്‍സിലില്‍ 40 തൊഴിലാളികളുടെ പുനര്‍നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്തു. താല്‍ക്കാലികമായി വീണ്ടും ഇവരെ നിയമിക്കാന്‍ സര്‍ക്കാറിലേക്ക് അനുമതി തേടി കത്ത് നല്‍കിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇത് സംബന്ധിച്ച് അനുകൂല നിലപാട് ലഭിച്ചിട്ടില്ളെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക വ്യവസ്ഥയില്‍ എടുത്ത 25ഓളം തൊഴിലാളികളാണ് മാലിന്യശേഖരണം നടത്തുന്നത്. അനുകൂല നിലപാട് സര്‍ക്കാറില്‍നിന്ന് ലഭിച്ചില്ളെങ്കില്‍ നഗരസഭാ പ്രദേശത്ത് മാലിന്യനീക്കത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. കൂടാതെ നഗരസഭയിലേക്ക് ലഭിക്കേണ്ട റവന്യൂ വരുമാനത്തിലും ഗണ്യമായ കുറവ് സംഭവിക്കും. പത്തോളം പേരെയാണ് നഗരസഭ മേഖലയില്‍ റവന്യൂ കുടിശ്ശിക പിരിക്കുന്നതിനായി നിയമിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.