കഞ്ഞിപ്പാടം, കരുമാടി ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു

അമ്പലപ്പുഴ: പമ്പ നദിയുടെ കൈവഴിയായ പൂക്കൈതയാറിന്‍െറ സൗന്ദര്യം നുകരാന്‍ വിനോദസഞ്ചാരികളുമായി എത്തുന്ന ഹൗസ്ബോട്ടുകള്‍ക്ക് നങ്കൂരമിടാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്ന രീതിയിലുള്ള കഞ്ഞിപ്പാടം,കരുമാടി ഹൗസ്ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. വൈശ്യംഭാഗം-കഞ്ഞിപ്പാടം പാലത്തിന് സമീപവും കരുമാടിയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച വിളക്കുമരത്തിനോട് ചേര്‍ന്നുമാണ് ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ നിര്‍മിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ മെഗാസര്‍ക്യൂട്ട് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ.സി. വേണുഗോപാല്‍ എം.പിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടുജെട്ടിയോടൊപ്പം ടോയ്ലറ്റ് സൗകര്യം, റിസപ്ഷന്‍ കൗണ്ടര്‍, ന്യൂ പവിലിയന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹൗസ്ബോട്ട് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഒരേസമയത്ത് പത്തോളം ഹൗസ്ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. കഞ്ഞിപ്പാടം, കരുമാടി എന്നിവിടങ്ങളില്‍ കായലിന്‍െറയും പാടശേഖരത്തിന്‍െറയും അരികിലാണ് ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ ഉള്ളത്. കഞ്ഞിപ്പാടം-കരുമാടി ഹൗസ്ബോട്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാരമേഖലക്ക് കൂടുതല്‍ ഉണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര വികസനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ ്ഇവിടം. ബോട്ടിങ് സൗകര്യം ഒരുക്കാന്‍ ഫലപ്രദവും ആഴം കൂടുതലുമുള്ള പ്രദേശമാണ് ഇത്. ആലപ്പുഴ ബോട്ടുജെട്ടിയില്‍നിന്നും പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം ബോട്ട് കരുമാടി വിളക്കുമരത്ത് എത്തിയശേഷം തിരിഞ്ഞ് തോട്ടപ്പള്ളി ടി.എസ് കനാലിലൂടെയാണ് കടന്നുപോകുന്നത്. പലഭാഗത്തും ബോട്ട് സര്‍വിസ് നിര്‍ത്തലാക്കുകയും കരമാര്‍ഗമുള്ള ഗതാഗതം സജീവമാകുകയും ചെയ്തതോടെ കരുമാടി വിളക്കുമരം ബോട്ടുജെട്ടി വിസ്മൃതിയിലാവുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.