മത്സരിച്ചോടി സ്വകാര്യ ബസുകള്‍; ജീവന്‍ കൈയില്‍ പിടിച്ച് യാത്രക്കാര്‍

തുറവൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു. തുറവൂര്‍-ചാവടി-കുമ്പളങ്ങി റോഡിലൂടെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് മത്സരയോട്ടം നടത്തുന്നത്. ദിനേന നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിനാളുകളുമാണ് ഈ റോഡ് വഴി യാത്ര ചെയ്യുന്നത്. റോഡിന്‍െറ സമീപങ്ങളിലാണ് പറയകാട് ഗവ. യു.പി സ്കൂള്‍, ചങ്ങരം ഗവ. യു.പി സ്കൂള്‍, എഴുപുന്ന സെന്‍റ് റാഫേല്‍സ് ഹൈസ്കൂള്‍, തുറവൂര്‍ ഗവ. എല്‍.പി സ്കൂള്‍, തുറവൂര്‍ ടി.ഡി.ടി.ടി.ഐ, തുറവൂര്‍ ടി.ഡി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയും ചാവടി, വല്ളേത്തോട് മാര്‍ക്കറ്റുകളും ഒമ്പത് പീലിങ് ഷെഡുകളും സ്ഥിതി ചെയ്യുന്നത്. രാവിലെയും വൈകുന്നേരവും സ്കൂള്‍ വിദ്യാര്‍ഥികളും പീലിങ് തൊഴിലാളികളും മാര്‍ക്കറ്റില്‍ പോകുന്നവരും കച്ചവട സ്ഥാപനങ്ങളില്‍ പോകുന്നവരുമുള്‍പ്പെടെ വന്‍ തിരക്കാണ് റോഡില്‍. ഈ സമയങ്ങളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഏറെ അപകടം വരുത്തിവെക്കുകയാണ്. യാത്രക്കാര്‍ക്ക് ജീവഭയം കൂടാതെ ബസില്‍ സഞ്ചരിക്കാനോ കൃത്യമായ സ്റ്റോപ്പിലിറങ്ങാനോ കഴിയുന്നില്ല. യാത്രക്കാരെ വലിച്ചിറക്കിബെല്ലടിച്ച് ബസ് വിടുകയാണ് പതിവ്. രാവിലെയും വൈകുന്നേരവും ചില സമയങ്ങളില്‍ ഒരേസമയം നാല് ബസുകളാണ് ചീറിപ്പാഞ്ഞ് പോകുന്നത്. ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി വേണമെന്നാണ് കച്ചവടകാരുടെയും വഴിയാത്രക്കാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.