മാന്നാര്‍: നീരൊഴുക്ക് തടസ്സപ്പെടുത്തി മാലിന്യക്കൂമ്പാരം. നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കുരട്ടിശ്ശേരി കോയിക്കല്‍ പള്ളത്ത് മണ്ണാത്ര കലുങ്കിന്‍െറ അടിഭാഗത്താണ് നീരൊഴുക്ക് തടസ്സപ്പെടുത്തി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. രാത്രിയില്‍ പ്ളാസ്റ്റിക് കവറിലും ചാക്കിലുമായി കോഴി അവശിഷ്ടങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വാഹനത്തില്‍ എത്തിച്ചാണ് ഇവിടെ തള്ളുന്നത്. കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുര്‍ഗന്ധമായതിനാല്‍ നാട്ടുകാരും യാത്രക്കാരും മൂക്കുപൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. നിരവധി പരാതികള്‍ വാര്‍ഡ് മെംബര്‍ക്കും പഞ്ചായത്ത് ഭരണസമിതിക്കും നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ളെന്ന് ആക്ഷേപമുണ്ട്. നീരൊഴുക്ക് തോട്ടിലെ വെള്ളം മലിനപ്പെട്ട് കൊതുകുകള്‍ പെരുകി രോഗഭീതി പടര്‍ത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന തെരുവുനായ്കൂട്ടം യാത്രക്കാരെയും പരിസരവാസികളെയും വിദ്യാര്‍ഥികളെയും ആക്രമിക്കുന്നതും പതിവാണ്. കൂടാതെ നായ്ക്കൂട്ടം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ പിറകെ ഓടി അപകടത്തില്‍പ്പെടുത്തുന്നതും നിത്യസംഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.