നെല്ലിക്കുഴിയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 400 കവിഞ്ഞു

കോതമംഗലം: നെല്ലിക്കുഴി പഞ്ചയത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 400 കവിഞ്ഞു. പുതിയ രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായും നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ വ്യാഴാഴ്ചയോടെ സമാപിച്ചു. ആറുദിവസം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ക്യാമ്പുകളില്‍ 700 പേരുടെ രക്തസാമ്പിള്‍ പരിശോധിച്ചു. ചെറുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 600 പേരുടെയും രക്തസാമ്പിള്‍ പരിശോധിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഈ മാസം 31വരെ തുടരും. ആശാ വര്‍ക്കര്‍മാരുടെയും കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കിണറുകളുടെയും മറ്റ് ജലസ്രോതസ്സുകളുടെയും ക്ളോറിനേഷന്‍ നടത്തി. രണ്ടാംഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 80 ശതമാനം വീടുകളും സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. വെള്ളിയാഴ്ചയോടെ മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കും. പഞ്ചായത്തില്‍ താമസിക്കുന്നവരും ബേക്കറികളിലും ചായക്കടകളിലും പണിയെടുക്കുന്നവരുമായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വെള്ളിയാഴ്ച ചിറപ്പടി വനിത വിപണനകേന്ദ്രത്തില്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. കുഷ്ഠം, മലേറിയ അടക്കമുള്ള രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കും. താമസകേന്ദ്രങ്ങളുടെ ഉടമകളും തൊഴിലുടമകളും ഇതര സംസ്ഥാന തൊഴിലാളികളെ പരിശോധന ക്യാമ്പിലത്തെിക്കണം.സമീപത്തെ അഞ്ച് പഞ്ചായത്തുകളില്‍ 10 വീതം ആളുകള്‍ക്ക് രോഗം ബാധിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ബോധവത്കരണവും പ്രതിരോധ നടപടികളും ആരംഭിച്ചു. കോട്ടപ്പടി, പിണ്ടിമന, പാനിപ്ര, അശമന്നൂര്‍, വാരപ്പെട്ടി പഞ്ചായത്തുകളിലെ രോഗവ്യാപനത്തിന്‍െറ കേന്ദ്രവും നെല്ലിക്കുഴിയാണെന്ന് വ്യക്തമായിട്ടുണ്ട്. രോഗം പടരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനത്തെിയ മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.