സര്‍ഫാസി ഇരകള്‍ക്ക് അടിയന്തര പാക്കേജ് അനുവദിക്കണം –സമരസമിതി

കൊച്ചി: സര്‍ഫാസി ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര പാക്കേജ് അനുവദിക്കണമെന്ന് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏഴുവര്‍ഷം മുമ്പ് നടന്ന ബാങ്ക് വായ്പ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടിട്ടും ഒന്നും ചെയ്യാതിരുന്ന ഭരണാധികാരികള്‍ ഇപ്പോള്‍ അത് കുറ്റാന്വേഷണമാക്കി ചുരുക്കി പൊലീസിനെ ഏല്‍പിച്ച് ഇരിപ്പാണെന്ന് അവര്‍ കുറ്റപ്പെടുത്തി. മൂന്നു വര്‍ഷമായി സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരെ തുടരുന്ന പ്രതിഷേധത്തോടനുബന്ധിച്ച് വല്ലാര്‍പാടം ജങ്ഷനിലെ കണ്ണുതുറപ്പിക്കല്‍ സമരപ്പന്തലില്‍ സര്‍ഫാസി നിയമം ചുട്ടെരിച്ച് പ്രതിഷേധിക്കും. ബുധനാഴ്ച രാവിലെ 10ന് ഭൂവധികാര സമരസമിതി നേതാവ് എം. ഗീതാനന്ദന്‍ ജനവിരുദ്ധ സര്‍ഫാസി നിയമം കത്തിച്ച് സമരത്തിന് തുടക്കമിടും. എം.എല്‍.എമാരായ എസ്. ശര്‍മ, ഹെബി ഈഡന്‍, ഡോ. പി ഗീത, ടി.സി. സന്‍ജിത്ത് എന്നിവര്‍ പങ്കെടുക്കും. സാംസ്കാരിക പ്രതിരോധത്തിന്‍െറ ഭാഗമായി കടക്കുരുക്കിന്‍െറ ബലിയാടുകളെ വരകളിലൂടെ സുനില്‍ വല്ലാര്‍പാടം, ഹസന്‍, ഹുസൈന്‍ തുടങ്ങിയ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കും. സര്‍ഫാസി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി എട്ടിന് കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്കൂള്‍ ഹാളില്‍ സര്‍ഫാസിവിരുദ്ധ സമിതി രൂപവത്കരണ കണ്‍വെന്‍ഷനും സംഘടിപ്പിക്കും. പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. സര്‍ഫാസി നിയമം: നോട്ടുനിരോധത്തിന്‍െറ കാണാപ്പുറങ്ങള്‍ എന്ന വിഷയം കെ.പി. സേതുനാഥ് അവതരിപ്പിക്കും. പ്രഫ. കെ. അരവിന്ദാക്ഷന്‍, ടി.ജി. ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. എ. ജയശങ്കര്‍, അഡ്വ. പി.എ. പൗരന്‍, സി.ആര്‍. നീലകണ്ഠന്‍, ഡോ. അജോയ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ സ്വാതന്ത്ര്യം നുണയാണ് എന്ന ദൃശ്യതാളം സാംസ്കാരിക വേദിയുടെ സീഡി പ്രകാശനം കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനവും ഷൈലോക് ബാങ്കുകള്‍ തകര്‍ത്തെറിഞ്ഞ നിസ്വജീവിതങ്ങളുടെ നേര്‍ച്ചപ്പടം അഥവാ സര്‍ഫാസി എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനോദ്ഘാടനം ചലച്ചിത്ര പ്രവര്‍ത്തകന്‍ ഗോപാല്‍ മേനോനും നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബ്ളേഡ്-ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്‍റ് പി.ജെ. മാനുവല്‍, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സമരസമിതി ചെയര്‍പേഴ്സന്‍ വി.സി. ജെന്നി, വൈസ് ചെയര്‍മാന്‍ കെ.വി. രജുമോന്‍, ദൃശ്യതാളം സാംസ്കാരിക വേദി പ്രസിഡന്‍റ് പി.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.