സെന്‍റ് ആല്‍ബര്‍ട്സിന് അനുവദിച്ച ഭൂമിയിലെ നിര്‍മാണത്തിന് വിലക്ക്

കൊച്ചി: എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈകോടതി തടഞ്ഞു. കോളജ് മൈതാനത്തിനുവേണ്ടി പാട്ടത്തിന് നല്‍കിയ സ്ഥലം മെട്രോ റെയില്‍ പദ്ധതിക്ക് കൈമാറിയപ്പോള്‍ പകരം നല്‍കിയ 88 സെന്‍റ് ഭൂമിയിലാണ് തല്‍ക്കാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ളെന്ന് ഹൈകോടതി ഉത്തരവിട്ടത്. കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് നിബന്ധനയില്ലാതെ ഭൂമി കോളജ് ഉടമകളായ വാരാപ്പുഴ അതിരൂപതക്ക് നല്‍കാന്‍ തീരുമാനിച്ചത്. 44 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സൗജന്യമായാണ് നല്‍കിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം 88 സെന്‍റ് സര്‍ക്കാര്‍ ഭൂമി കളിസ്ഥലമായി ഉപയോഗിക്കാന്‍ 1983ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1995ല്‍ പാട്ടക്കാലാവധി 50 വര്‍ഷത്തേക്ക് നീട്ടിനല്‍കി. രണ്ട് കോടിയോളം രൂപ പാട്ടക്കുടിശ്ശിക ഉണ്ടായിരുന്നത് തിരിച്ചുപിടിക്കാന്‍ റവന്യൂ അധികൃതര്‍ നടപടി തുടങ്ങി. ഇതിനിടെ, 2014ല്‍ കൊച്ചി മെട്രോയുടെ ആവശ്യത്തിന് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു. പകരമായാണ് 74 സെന്‍റ് ഭൂമി കലൂരിലും 14 സെന്‍റ് ഭൂമി കോളജിന് സമീപത്തുമായി പതിച്ചുനല്‍കിയത്. ഇതിനുപിന്നാലെ 2016 ഫെബ്രുവരിയില്‍ രണ്ട് കോടിയോളം രൂപയുടെ പാട്ടക്കുടിശ്ശികയും എഴുതിത്തള്ളി. സ്ഥലം അളന്ന് കൈമാറാനുള്ള നടപടികളുമായി റവന്യൂ അധികൃതര്‍ മുന്നോട്ടുപോവുകയാണെന്നും സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സര്‍ക്കാര്‍, ജി.സി.ഡി.എ, കലക്ടര്‍, കണയന്നൂര്‍ തഹസില്‍ദാര്‍, എളംകുളം വില്ളേജ് ഓഫിസര്‍ തുടങ്ങിയ എതിര്‍ കക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജിയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.