ജില്ലയെ ഹരിതാഭമാക്കാന്‍ ജനകീയ പ്രചാരണം

കാക്കനാട്: ജില്ലയെ ഹരിതാഭമാക്കാന്‍ ഈമാസം എട്ടിന് ജനകീയ പ്രചാരണം നടത്താന്‍ തീരുമാനം. ഞായറാഴ്ച മന്ത്രി സി. രവീന്ദ്രനാഥിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് ജില്ല ആസൂത്രണ സമിതി ഹാളില്‍ ഹരിതകേരളം പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മാലിന്യം നീക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രചാരണം. ഇതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് ഒരു പ്രവര്‍ത്തനമെങ്കിലും ഏറ്റെടുക്കണം. ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഏഴരലക്ഷം പച്ചക്കറിത്തൈകള്‍ നല്‍കും. ഇത് എല്ലാ വാര്‍ഡുകളിലും നടണം. മാലിന്യം നീക്കണം. പ്ളാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യണം. ഒരിടത്തും ജലസ്രോതസ്സുകള്‍ നികത്താന്‍ പാടില്ല. ഒഴിഞ്ഞു കിടക്കുന്ന പുരയിടങ്ങള്‍ ഉടമസ്ഥര്‍ നേതൃത്വം നല്‍കി മാലിന്യമില്ലാതെ കൈകാര്യം ചെയ്യണം. ഇതിനാവശ്യമായ രൂപരേഖ മന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു. കലക്ടറുടെ നേതൃത്വത്തില്‍ ഇതിന് പ്രത്യേക വെബ്സൈറ്റും തുറക്കും. വാര്‍ഡുകളില്‍നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തും. ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നല്‍കുന്ന വൃക്ഷത്തൈകള്‍ ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേകയിടങ്ങളില്‍ നടണം. കൊച്ചി നഗരസഭയില്‍ തിങ്കളാഴ്ച ഹരിതാഭ കേരളത്തിനായി പ്രത്യേക യോഗം ചേരും. എല്ലാ ഡിവിഷനുകളിലും ഒരു പ്രവൃത്തി വീതം നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായിട്ടുണ്ടെന്ന് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. എം.എല്‍.എമാരായ പി.ടി. തോമസ്, വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, ജില്ല പ്ളാനിങ് ഓഫിസര്‍ സാലി ജോസഫ്, കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ടാനി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.