കണ്ണീരണിഞ്ഞ് മേക്കടമ്പ് ഗ്രാമം

മൂവാറ്റുപുഴ: പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ മൂന്നു പേരുടെ ദാരുണ മരണം മേക്കടമ്പ് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ശനിയാഴ്ച രാത്രി 9.30 ഓടെ ദേശീയപാതയില്‍ വാളകം പഞ്ചായത്ത് ഓഫിസിന് സമീപം കാര്‍ പാഞ്ഞുകയറി മേക്കടമ്പ് ആന കുത്തിയില്‍ പരമേശ്വരന്‍െറ ഭാര്യ രാധ (60) മകന്‍ പ്രവീണിന്‍െറ ഭാര്യ രജിത (28) മകള്‍ നിവേദ്യ (4) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച നാലുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രണ്ടു മണിയോടെയാണ് മൃതദേഹങ്ങള്‍ വീട്ടിലത്തെിച്ചത്. അന്ത്യോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് ഒഴുകിയത്തെിയത്. അമ്മയും ഭാര്യയും മകളും നഷ്ടപ്പെട്ട പ്രവീണിനെ ഏറെ പണിപ്പെട്ടാണ് ബന്ധുക്കള്‍ ആശ്വസിപ്പിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ അടുത്തടുത്തായി സ്ഥാപിച്ച ചിതയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം പത്തു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. രാധയുടെ മൃതദേഹം കൂത്താട്ടുകുളം ഗവ.ആശുപത്രിയിലും ,രജിതയുടേത് പിറവം സര്‍ക്കാര്‍ ആശുപത്രിയിലും നിവേദ്യയുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അപകടത്തില്‍ കുടുംബത്തില്‍ പെട്ട നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രവീണിന്‍െറ ഇളയ മകള്‍ നവതി (3) പ്രവീണിന്‍െറ സഹോദരി പ്രീജ (32 ) മക്കളായ അമ്പാടി ( 5 ) ശ്രേയ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിലെ പാനക പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ് സ്റ്റേഡിയത്തിനു മുന്നിലത്തെിയപ്പോഴാണ് അമിതവേഗത്തില്‍ എത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. കുടുംബക്കാരായ ഏഴംഗ സംഘം കൂട്ടമായി നടന്നു പോകുമ്പോഴാണ് അപകടം. മരിച്ച രാധയും, ചെറുകള്‍ നിവേദ്യയും ഞായറാഴ്ച പുലര്‍ച്ചെ ശബരിമലക്ക് പോകുന്നതിനാലാണ് കുടുംബാംഗങ്ങള്‍ പൂജ തീര്‍ന്നയുടന്‍ തന്നെ വീട്ടിലേക്ക് മടങ്ങിയത്. പതിനഞ്ച് മീറ്റര്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ സംഘം ദേശീയപാത വിട്ട് ഇവരുടെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് പ്രവേശിക്കുമായിരുന്നു. ഇതിനു മുമ്പെ കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തി റോഡിന് താഴെയുള്ള സ്റ്റേഡിയത്തിലേക്ക് കൂപ്പ് കുത്തി. ഇതുവഴി നടന്നു വന്ന ഇവരുടെ അയല്‍വാസി തങ്കപ്പനാണ് സംഭവം ആദ്യം അറിഞ്ഞത്. റോഡില്‍ രാധ വീണു കിടക്കുന്നതു കണ്ട് നോക്കുമ്പോഴാണ് റോഡിന് താഴ്ഭാഗത്തായി അപകടത്തില്‍ പെട്ടവര്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി എല്ലാവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.