റെയില്‍വേ പരിസരത്തെ മെട്രോ നിര്‍മാണം: സുരക്ഷാകാര്യത്തില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന്

ആലുവ: റെയില്‍വേ പരിസരത്തെ മെട്രോ നിര്‍മാണ പ്രവൃത്തികളിലെ സുരക്ഷാകാര്യത്തില്‍ അധികൃതര്‍ വീഴ്ച വരുത്തുന്നതായി പരാതി. ചൊവ്വാഴ്ച രാത്രി 12ഓടെ മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ മിനി എക്സ്കവേറ്റര്‍ റെയില്‍പാളത്തിലേക്ക് വീണിരുന്നു. ആലുവ ഗാരേജ് ലെവല്‍ ക്രോസിന് സമീപം പുളിഞ്ചോട് മെട്രോ സ്റ്റേഷന്‍ നിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. ഇതിനുപിന്നാലെ ട്രെയിന്‍ കടന്നുപോയെങ്കിലും സൈഡില്‍ മാത്രം തട്ടിയതിനാല്‍ തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. റെയില്‍പാളവും മെട്രോ സ്റ്റേഷനും അടുത്താണ് സ്ഥിതിചെയ്യുന്നത്. സ്റ്റേഷന്‍ കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലത്തിന്‍െറ അതിര്‍ത്തി അവസാനിക്കുന്നത് റെയില്‍പാളത്തോടു ചേര്‍ന്നാണ്. ഇത്രയടുത്ത് വലിയ കെട്ടിടം നിര്‍മിക്കുന്നത് ട്രെയിന്‍ കടന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇതിനേക്കാള്‍ ദൂരവ്യത്യാസമുള്ള സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കാന്‍ റെയില്‍വേ അനുവദിക്കാറില്ല. അതിര്‍ത്തി തിരിച്ച് സുരക്ഷാവേലിയോ മറ്റോ സ്ഥാപിക്കാന്‍ മെട്രോ അധികൃതര്‍ തയാറായിട്ടില്ല. ആലുവ-എറണാകുളം റൂട്ടില്‍ പലയിടത്തും ദേശീയപാതയും റെയില്‍വേ ലൈനും തമ്മിലുള്ള അകലം വളരെ കുറവാണ്. നഷ്ടപരിഹാരം ആവശ്യപ്പെടും –റെയില്‍വേ ആലുവ: ഓടുന്ന ട്രെയിനില്‍ എക്സ്കവേറ്റര്‍ തട്ടിയ സംഭവത്തില്‍ മെട്രോ റെയില്‍ ലിമിറ്റഡില്‍നിന്ന് റെയില്‍വേ നഷ്ടപരിഹാരം ആവശ്യപ്പെടും. സംഭവിച്ച നഷ്ടങ്ങളുടെയും മറ്റും കണക്കെടുപ്പ് റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എറണാകുളം നോര്‍ത്ത് സി.ഐ സി. ഗിരീഷിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. മെട്രോ റെയില്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ ലൈനിനോട് ചേര്‍ന്ന് നിര്‍മാണം നടത്തുമ്പോള്‍ കമ്പിവേലി വേണമെന്നാണ് നിബന്ധന. സീനിയര്‍ ഉദ്യോഗസ്ഥന്‍െറ മേല്‍നോട്ടത്തിലായിരിക്കണം നിര്‍മാണം. ഇവ രണ്ടും മെട്രോ അധികൃതര്‍ പാലിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി 12നാണ് എക്സ്പ്രസ് ട്രെയിനില്‍ എക്സ്കവേറ്റര്‍ തട്ടിയത്. മൂന്നുമണിക്കൂറോളം ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടിരുന്നു. എട്ട് ബോഗികളിലെ ബാറ്ററികള്‍ക്കും ചവിട്ടുപടികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.