ഡെങ്കിപ്പനി: കൊച്ചിയിലെ ഷോപ്പിങ്ങ് കോംപ്ളക്സുകള്‍ പരിശോധിക്കും

കൊച്ചി: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ഷോപ്പിങ് കോംപ്ളക്സുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തും. കൊച്ചിയില്‍ മറൈന്‍ ഡ്രൈവിന് സമീപമുള്ള ഷോപ്പിങ്ങ് മാളുകളിലാണ് ജില്ലാ ആരോഗ്യ വിഭാഗം ബുധനാഴ്ച പരിശോധന നടത്തുക. ഇവിടെ ഷോപ്പിങ്ങ് കോംപ്ളക്സുകളില്‍ ജീവനക്കാരില്‍ ചിലര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച ആരോഗ്യവിഭാഗം ജീവനക്കാര്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ജില്ലയിലെ ഒരു പ്രമുഖ ഷോപ്പിങ്ങ് കോപ്ളക്സില്‍ മാത്രം അടുത്ത ദിവസങ്ങളിലായി രണ്ട് ജീവനക്കാര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഏറ്റവും ഒടുവില്‍ വൈപ്പിന്‍ സ്വദേശിയായ യുവാവ് പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേര്‍ കൂടി പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് വിശദപരിശോധനക്ക് ആരോഗ്യ വിഭാഗം തീരുമാനിച്ചത്. കൊതുകിലൂടെ മാത്രം പകരുന്ന ഡെങ്കിപ്പനി വ്യാപനത്തിന് അനുകൂല സാഹചര്യങ്ങള്‍ ഇവിടങ്ങളിലുണ്ടെന്നാണ് നിഗമനം. പകല്‍സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് രോഗം പടരാനുണ്ടായ സാഹചര്യമുണ്ടാക്കിയത് പകല്‍ സമയങ്ങളില്‍ മാത്രം കടിക്കുന്ന ഈഡീസ് കൊതുകുകളുടെ സാന്നിധ്യമാകാമെന്നുതന്നെയാണ് നിഗമനം. മാലിന്യം നിറഞ്ഞ ചന്തതോട് അടക്കം വെള്ളം കെട്ടിക്കിടക്കുന്ന മേഖലകളില്‍ കൊതുകുകളുടെ ലാര്‍വകള്‍ ഉണ്ടോയെന്നതടക്കമുള്ളവയാണ് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.