ജില്ലാ വികസനസമിതി: ചര്‍ച്ചയായത് കുടിവെള്ള ക്ഷാമവും നായ് ശല്യവും

കൊച്ചി: ജില്ലാ വികസനസമിതി യോഗത്തില്‍ കുടിവെള്ള ക്ഷാമവും നായ് ശല്യവും പ്രധാനവിഷയങ്ങളായി. ശനിയാഴ്ച കലക്ടറേറ്റ് സമ്മേളന ഹാളില്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമത്തെപ്പറ്റി എം. സ്വരാജ് എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ എന്നിവര്‍ പരാതികള്‍ ഉന്നയിച്ചു. ഉദയംപേരൂരില്‍ മൂന്നാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണെന്ന് എം. സ്വരാജ് പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മൂവാറ്റുപുഴയാറില്‍ സ്ഥിരം ബണ്ട് നിര്‍മിക്കുന്നകാര്യം ആലോചിച്ചുവരുകയാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. മുളന്തുരുത്തി റെയില്‍വേ ഓവര്‍ബ്രിഡ്ജിനായി സ്ഥലം വിട്ടുനല്‍കുന്നതിന് 12 പേര്‍ സമ്മതപത്രം നല്‍കിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ജോസ് അറിയിച്ചു. ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. കോതമംഗലം, പെരുമ്പാവൂര്‍, കൂത്താട്ടുകുളം ഭാഗങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. വിവിധ പാതയോരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ അപകടസ്ഥിതിയിലാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ ദേശീയപാത, പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.ഡബ്ള്യു.ഡിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. മണികണ്ഠന്‍ ചാലില്‍ 13 വീട്ടുകാര്‍ക്ക് വൈദ്യുതി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആന്‍റണി ജോണ്‍ എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇവിടെ വനം വകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചാല്‍ മതിയെന്നും കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. അനാഥര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തെരുവോരം മുരുകന്‍െറ സ്ഥാപനത്തിന് തുടര്‍ച്ചയായി സര്‍ക്കാര്‍ സഹായം നിഷേധിക്കുന്നതിനെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് പി.ടി. തോമസ് എം.എല്‍.എ സാമൂഹിക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കിയ മുച്ചക്രവാഹനങ്ങളുടേതില്‍ ചിലര്‍ക്ക് ഇതുവരെയും വാഹനരേഖ നല്‍കിയിട്ടില്ളെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. ഇത് പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. പശ്ചിമകൊച്ചിയില്‍ അടുത്ത വേനല്‍ മുന്നില്‍കണ്ട് കുടിവെള്ളം മുടങ്ങാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ നിര്‍ദേശിച്ചു. ഇടക്കൊച്ചി അരൂര്‍ പാലത്തിന് 55 വര്‍ഷം പഴക്കമായി. പാലത്തില്‍ മരങ്ങള്‍ വളരുന്നുണ്ട്. പാലത്തിന്‍െറ അറ്റക്കുറ്റപ്പണി സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷനുകള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ മറികടന്ന് വ്യക്തികളുടെ വീടുകളില്‍വെച്ച് വിതരണം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന് പി.ടി. തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. കലക്ടറേറ്റിന് സമീപവും ഈച്ചമുക്കിലും ട്രാഫിക്ക് തടസ്സം ഒഴിവാക്കാന്‍ ഭൂഗര്‍ഭപാതക്കുള്ള സാധ്യത പരിശോധിക്കാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അങ്കമാലി നഗരസഭയില്‍ പുതുതായി നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സില്‍ മൂന്ന് നിലകളില്‍ അടിയന്തരമായി വൈദ്യുതി നല്‍കണമെന്ന് റോജി എം.ജോണ്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പറവൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ കെ.എസ്.ഇ.ബി കരാറുകാര്‍ മരച്ചില്ലകള്‍ വെട്ടി വഴിയില്‍ ഇടുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാണെന്ന് നഗരസഭാ അധ്യക്ഷന്‍ പരാതിപ്പെട്ടു. പിറവം നഗരസഭാ അതിര്‍ത്തിയില്‍ കുടിവെള്ളക്ഷാം നേരിടുകയാണെന്നും അരീക്കല്‍ ടൂറിസം പ്രദേശത്ത് വിളക്കുകള്‍ പ്രകാശിക്കുന്നില്ളെന്നും പിറവം നഗരസഭാ അദ്ധ്യക്ഷന്‍ പരാതിപ്പെട്ടു. മരട് നഗരസഭാ അതിര്‍ത്തിയിലും കുടിവെള്ളക്ഷാമം നേരിടുന്നു. കൂടാതെ നെട്ടൂര്‍ ഭാഗത്ത് റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണെന്നും ചെയര്‍പേഴ്സണ്‍ പരാതിപ്പെട്ടു. ബ്രഹ്മപുരത്ത് തെരുവുനായ്കളുടെ വന്ധ്യംകരണപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കോര്‍പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ഇതുവരെ 50 നായ്ക്കളെ മാത്രമാണ് വന്ധ്യംകരണം നടത്തിയത്. കോര്‍പറേഷന്‍ വാര്‍ഡുകളില്‍ എത്ര നായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. വെണ്ണല ഭാഗത്ത് ഒരു പറമ്പില്‍ അനവധി നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത് ആരാണെന്ന് അദ്ദേഹം ചോദിച്ചു. തെരുവുനായ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സെപ്റ്റംബര്‍ ഒന്നിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും എല്ലാവരും അതില്‍ പങ്കെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് കോതമംഗലത്ത് മൃഗങ്ങള്‍ക്കായി മള്‍ട്ടിസ്പെഷല്‍ ആശുപത്രിക്കായി രണ്ട്കോടി രൂപ അനുവദിച്ചിരുന്നതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.