സുരക്ഷാ സംവിധാനങ്ങളില്ലാതെ തോപ്പുംപടി ഫിഷറീസ് ഹാര്‍ബര്‍

മട്ടാഞ്ചേരി: നിരവധി പേര്‍ തൊഴിലെടുക്കുന്ന തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞദിവസം രണ്ടുപേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വ്യാഴാഴ്ച കണ്ണമാലി മങ്ങാട്ട് വീട്ടില്‍ സേവ്യറിന്‍െറ മകന്‍ ഫ്രാന്‍സിസ് സേവ്യര്‍ ബോട്ടിന്‍െറ മുകളില്‍ കയറി നിന്ന് കയര്‍ ചുറ്റിക്കെട്ടുന്നതിനിടെ കായലിലേക്ക് വീണും മത്സ്യബന്ധനം കഴിഞ്ഞത്തെി ബോട്ടില്‍ ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകന്നതിനിടെ ബോട്ടില്‍നിന്ന് തൊട്ടടുത്ത ബോട്ടിലേക്ക് തലയടിച്ച് വീണ് തിരുവനന്തപുരം പുല്ലുവിള ചാരത്തടി പുരയിടത്തില്‍ ജോസഫിന്‍െറ മകന്‍ ജോണി (39) വെള്ളിയാഴ്ചയും മരിച്ചു. കായലിലേക്ക് വീണവരെ രക്ഷിക്കാനുള്ള സംവിധാനമൊരുക്കാന്‍ ഹാര്‍ബര്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള കൊച്ചി തുറമുഖ ട്രസ്റ്റാണ് ഹാര്‍ബറിന്‍െറ നടത്തിപ്പുകാര്‍. ഹാര്‍ബറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരാള്‍ ഏഴുരൂപയുടെ പ്രവേശഫീസൊടുക്കണം. വാഹനങ്ങള്‍ക്കും പാസെടുക്കണം. ലോറികളില്‍ കയറ്റുന്ന മത്സ്യത്തിന്‍െറ തോതനുസരിച്ച് ഹാര്‍ബറില്‍ ഫീസടക്കണം. ഒരു ട്രക്ക് ഹാര്‍ബറിലേക്ക് കയറ്റുമ്പോള്‍ 168 രൂപ നല്‍കണം. തിരികെ വണ്ടിയില്‍ മീനുമായാണ് മടങ്ങുന്നതെങ്കില്‍ 407 രൂപയും ചെമ്മീനുമായാണ് തിരിക്കുന്നതെങ്കില്‍ 774 രൂപയും ഹാര്‍ബറില്‍ അടയ്ക്കണമെന്നതാണ് നിയമം. ഇതിനുപുറമെ ബോട്ടുകള്‍ ജെട്ടിയില്‍ അടുക്കാനും ഫീസ് നല്‍കണം. ഇത്തരത്തില്‍ ഫീസുകള്‍ നല്‍കുമ്പോള്‍തന്നെ കടലില്‍ മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകളില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ കൊണ്ടുപോകുന്ന വെള്ളത്തിനുപോലും പണം നല്‍കേണ്ട അവസ്ഥയാണ്. പുറമെ, മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ചരക്ക് വാങ്ങാനത്തെുന്നവര്‍ വരെ യൂസേഴ്സ് ഫീസ് നല്‍കുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ കാര്യമായി ഇവിടെ നടപ്പാക്കുന്നില്ല. കായലില്‍ വീണവരെ രക്ഷിക്കാന്‍ ലൈഫ് ബോയകള്‍ പോലും ഹാര്‍ബര്‍ ജെട്ടിയില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഹാര്‍ബറില്‍ മത്സ്യബന്ധനം കഴിഞ്ഞത്തെിയ ബോട്ടിന് തീപിടിച്ചത്. തീയണക്കാന്‍ മട്ടാഞ്ചേരിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തേണ്ടിവന്നു. ഹാര്‍ബറിലടുക്കുന്ന ഇതര സംസ്ഥാന ബോട്ടുടമകളില്‍നിന്ന് യൂസേഴ്സ് ഫീസായി ക്ഷേമനിധി ബോര്‍ഡിലേക്ക് പ്രതിവര്‍ഷം കോടികള്‍ പിരിക്കുമ്പോള്‍ പോലും ഇവിടെ ഹാര്‍ബറില്‍ ജോലിക്കിടെ അപകടങ്ങളില്‍പെടുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കുന്നില്ല. ഹാര്‍ബറില്‍ അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി തൊഴിലാളികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഗില്‍നെറ്റ് ബോട്ട് ബയിങ് ഏജന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി എം. മജീദ് ആവശ്യപ്പെട്ടു. മട്ടാഞ്ചേരി മേഖലയില്‍ അവശേഷിക്കുന്ന ഈ തൊഴില്‍ കേന്ദ്രം നിലനിര്‍ത്താന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.