ഫോര്‍ട്ട് കൊച്ചി കടപ്പുറം ശുചീകരണം: മാലിന്യത്തൊട്ടി സ്ഥാപിച്ചു

മട്ടാഞ്ചേരി: മാലിന്യം കുമിഞ്ഞ് സൗന്ദര്യം നഷ്ടപ്പെട്ട ഫോര്‍ട്ട് കൊച്ചി കടപ്പുറം മനോഹരമാക്കാനുള്ള ജനകീയ കൂട്ടായ്മ ഫലം കാണുന്നു. ക്ളീന്‍ കൊച്ചി ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ്, പ്രദേശത്തെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, വഴിയോരകച്ചവടക്കാര്‍ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ആഴ്ചയാണ് ശുചീകരണം ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കടപ്പുറം ശുചീകരിക്കാനാണ് പദ്ധതി. സമഗ്ര ശുചീകരണത്തിന് ചെലവുവരുന്ന പണം പ്രദേശത്തെ ഹോട്ടല്‍, ഹോം സ്റ്റേ ഉടമകള്‍ നല്‍കും. പൊലീസും വഴിയോരകച്ചവടക്കാരുമാണ് ശുചീകരണത്തിനിറങ്ങുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉച്ചവരെ നീളും. പോളപ്പായലും പ്ളാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞുകൂടിയ ഓരോ ഭാഗവും പൂര്‍ണമായി ശുചീകരിക്കുന്നതിനാല്‍ ചവറടിയുന്നത് ഒഴിവാക്കാനാകും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് തടയാന്‍ വഴിയോരകച്ചവടക്കാര്‍ക്കും സഞ്ചാരികള്‍ക്കും ബോധവത്കരണം നടത്തും. ഫോര്‍ട്ട് കൊച്ചിയിലെ സാജ് ഹോം സ്റ്റേ ഉടമ സാദിഖാണ് ആശയത്തിന് പിന്നില്‍. തുടക്കത്തിലേതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ രണ്ടാം ഘട്ടത്തില്‍ പങ്കെടുത്തു. കടപ്പുറത്ത് മാലിന്യത്തൊട്ടി സ്ഥാപിക്കുന്ന പദ്ധതിക്കും തുടക്കമായി. നഗരസഭയുടെ നേതൃത്വത്തില്‍ ജൈവ മാലിന്യങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാവുന്ന തരത്തിലെ ബിന്നുകളാണ് സ്ഥാപിച്ചത്. ആദ്യഘട്ടം പതിനാല് ബിന്നാണ് സ്ഥാപിച്ചത്. നഗരസഭാ ടൗണ്‍ പ്ളാനിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.