ഒഡിഷ പെണ്‍കുട്ടികളുടെ പ്രായപരിശോധന തുടങ്ങി

കൊച്ചി: തോപ്പുംപടിയിലെ മത്സ്യ സംസ്കരണശാലയില്‍ ജോലിക്കത്തെിച്ച ഒഡിഷ പെണ്‍കുട്ടികളുടെ പ്രായപരിശോധനക്കുള്ള നടപടി തുടങ്ങി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബുധനാഴ്ച 23 പെണ്‍കുട്ടികളുടെ പ്രായപരിശോധന പൂര്‍ത്തിയാക്കി. ഡെന്‍റല്‍, ഓര്‍ത്തോവിഭാഗങ്ങളാണ് പരിശോധിക്കുന്നത്. ശേഷിക്കുന്ന പെണ്‍കുട്ടികളുടെ പരിശോധന വ്യാഴാഴ്ച നടത്തും. മെഡിക്കല്‍ ബോര്‍ഡ് പരിശോധനഫലം വന്നാല്‍ മാത്രമേ പെണ്‍കുട്ടികളുടെ പ്രായം സംബന്ധിച്ച് വ്യക്തത വരൂ. പെണ്‍കുട്ടികളിലൊരാള്‍ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായ സാഹചര്യത്തില്‍ മറ്റുള്ളവരെയും പരിശോധനക്ക് വിധേയമാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. പ്രായപരിശോധനയുടെ ഭാഗമായി പെണ്‍കുട്ടികളുടെ കൈവശമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. രേഖകളില്‍ 20നും 35നും വയസ്സിനിടയിലാണ് പലരുടെയും പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കാഴ്ചയില്‍ പലരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഈ സാഹചര്യത്തിലാണ് രേഖകളില്‍ വിദഗ്ധ പരിശോധന നടത്തുന്നതെന്ന് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു. പ്രായം വ്യക്തമാക്കുന്ന തിരിച്ചറിയില്‍ രേഖകള്‍ പലരുടെയും പക്കലുണ്ട്. എന്നാല്‍, ഇവ വ്യാജമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്ന് ഐ.ജി പറഞ്ഞു. കൊച്ചിയില്‍ പൊലീസ് മോചിപ്പിച്ച പെണ്‍കുട്ടികളെ കാക്കനാട് ചൈല്‍ഡ് ഹോം, പള്ളുരുത്തി പ്രത്യാശഭവന്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ പാലക്കാട് പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയല്‍ കമ്മിറ്റി നടത്തുന്ന കൗണ്‍സലിങ്ങിന് ശേഷമാകും പരിശോധന. പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികളെ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുന്നത് വ്യാപകമായതിനുപിന്നാലെ ഒഡിഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒഡിഷ മുസ്കാര്‍ പദ്ധതിയുടെ ഭാഗമായി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് തോപ്പുംപടിയിലെ സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ എത്തിച്ചതായി കണ്ടത്തെിയത്. ചൊവ്വാഴ്ചയാണ് തോപ്പുംപടിയിലെ ചെമ്മീന്‍ സംസ്കരണ പ്ളാന്‍റില്‍ ജോലിക്കത്തെിച്ച 43 ഇതര സംസ്ഥാന പെണ്‍കുട്ടികളെ കണ്ടത്തെിയത്. 23 ഒഡിഷ സ്വദേശിനികളും ആന്ധ്രപ്രദേശില്‍നിന്നുള്ള 19പേരും ഒരു അസം സ്വദേശിനിയെയുമാണ് കണ്ടത്തെിയത്. മേഖലയിലെ പ്ളാന്‍റുകളില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ഇത്തരത്തില്‍ കുട്ടികളെ കടത്തിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.