കേരളത്തെ നടുക്കിയ ബോട്ട് ദുരന്തത്തിന് നാളെ ഒരുവര്‍ഷം

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് 11 ജീവന്‍ കവര്‍ന്ന ബോട്ടപകടത്തിന് വെള്ളിയാഴ്ച ഒരുവര്‍ഷം തികയുന്നു. നാട് ഓണാഘോഷത്തിലമര്‍ന്നപ്പോഴായിരുന്നു മത്സ്യബന്ധന നൗകയിടിച്ച് ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ സര്‍വിസ് നടത്തിയിരുന്ന യാത്രാബോട്ട് മുങ്ങിയത്. 11പേരാണ് അപകടത്തില്‍ മരിച്ചത്. വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്കൊച്ചിക്ക് പുറപ്പെട്ട എം.വി. ഭാരത് ബോട്ടാണ് ആഗസ്റ്റ് 26ന് ഉച്ചക്ക് ജങ്കാര്‍ ജെട്ടിക്ക് സമീപം ദുരന്തത്തില്‍പെട്ടത്. ജെട്ടിക്ക് സമീപത്തെ പമ്പില്‍നിന്ന് ഇന്ധനം നിറച്ച് അമിതവേഗത്തിലത്തെിയ ഇന്‍ബോര്‍ഡ് വള്ളമാണ് യാത്രാബോട്ടിനെ മുക്കിത്താഴ്ത്തിയത്. 38 യാത്രക്കാരുള്ള ബോട്ടില്‍നിന്ന് 27പേരെ രണ്ടുവിദേശികളും നാട്ടുകാരുമടക്കമുള്ളവര്‍ രക്ഷപ്പെടുത്തിയിരുന്നു. മട്ടാഞ്ചേരി, നസ്രത്ത് വൈപ്പിന്‍, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളിലുള്ളവരാണ് മരണപ്പെട്ടത്. ദുരന്തദിനത്തില്‍ ആറുപേരുടെ മൃതദേഹം കണ്ടത്തെി. നാല് മൃതദേഹം തുടര്‍ ദിനങ്ങളില്‍ ലഭിച്ചു. ഒരാള്‍ ആശുപത്രിയിലും മരിച്ചു. ദുരന്തത്തെ തുടര്‍ന്ന് ഓണാഘോഷമടക്കമുള്ള പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഭരണകൂടങ്ങള്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി. എ.ഡി.ജി.പിയടക്കമുള്ള വിവിധതല ഏജന്‍സികള്‍ കൊച്ചി ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തി. യാത്രാബോട്ടിന്‍െറ കാലപ്പഴക്കവും, മത്സ്യബന്ധന നൗകയുടെ അമിതവേഗവും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രശ്നങ്ങള്‍ക്കൊന്നും ശാശ്വത പരിഹാരമായില്ല. കപ്പല്‍ച്ചാല്‍ മുറിച്ചുകടന്നുള്ള അഴിമുഖ ബോട്ട് യാത്ര ഇന്നും ഭീതിയുടെ തണലില്‍തന്നെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.