സ്വാശ്രയ കര്‍ഷക വിപണികളില്‍ ഇടനിലക്കാരുടെ ചൂഷണം വര്‍ധിക്കുന്നു

കോലഞ്ചേരി: സ്വാശ്രയ കര്‍ഷക വിപണികളില്‍ കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതായി ആരോപണം. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തതിനുപിന്നില്‍ ഇടനിലക്കാരാണെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മംഗലത്തുനട, ചെമ്മനാട് സ്വാശ്രയ കര്‍ഷക സമിതികള്‍ വഴി ആയിരക്കണക്കിന് കര്‍ഷകരാണ് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനായി എത്തുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം ഇവിടങ്ങളില്‍ നടക്കുന്ന ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തവരും ചെയ്യാത്തവരുമായ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍, ലേല ദിവസങ്ങളില്‍ ഇവിടെ തമ്പടിക്കുന്ന ഇടനിലക്കാര്‍ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്ത വിധത്തില്‍ ഇടിച്ച് താഴ്ത്തുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. വന്‍കിട കച്ചവടക്കാരുടെ ഏജന്‍റുമാരായാണ് ഇവര്‍ തമ്പടിക്കുന്നത്. പ്രദേശത്തെ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ടണ്‍കണക്കിന് വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ, പടവലങ്ങ, പയര്‍, പാവക്ക, ഏത്തക്കായ, ചെറുകായ, കാന്താരിമുളക് തുടങ്ങി ഡസന്‍ കണക്കിന് ഇനങ്ങളാണ് ഇവിടെ വില്‍പനക്കായി എത്തുന്നത്. ഇങ്ങനെ വരുന്ന ഇനങ്ങളെല്ലാം തന്നെ നാമമാത്രമായ വിലക്കാണ് ഇവിടെ എത്തുന്ന ഇടനിലക്കാര്‍ ലേലം ചെയ്തെടുക്കുന്നത്. പടവലങ്ങ കിലോക്ക് 10 രൂപ, വെളളരിക്ക- നാലു രൂപ, കുമ്പളങ്ങ -ആറു രൂപ, മത്തങ്ങ -എട്ടു രൂപ, നാടന്‍ പയര്‍ -30 രൂപ ഏത്തക്കായ -50 രൂപ, വെളളരി -ആറു രൂപ തുടങ്ങിയ ക്രമത്തിലാണ് ഇന്നലെ ചെമ്മനാട് സ്വാശ്രയ വിപണിയില്‍ നടന്ന ലേല വില്‍പന. ചില്ലറ വിപണിയില്‍ ഇരട്ടിയിലധികമാണ് ഇതിനെല്ലാം വില ഈടാക്കുന്നത്. കര്‍ഷകരില്‍ നിന്ന് വിപണയിലത്തെുന്ന ടണ്‍ കണക്കിന് ഉല്‍പന്നങ്ങള്‍ ചുളുവിലക്ക് കൈക്കലാക്കുന്ന ഇടനിലക്കാര്‍ അവിടെ വച്ച് തന്നെ ലാഭം ഈടാക്കി ഉല്‍പന്നങ്ങള്‍ മറിച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. തൃപ്പൂണിത്തുറ, പിറവം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍നിന്ന് സാധനങ്ങല്‍ ലേലം ചെയ്തെടുക്കാന്‍ കച്ചവടക്കാര്‍ എത്തുന്നുണ്ടെങ്കിലും ഇടനിലക്കാരെ മറികടക്കാനുളള ധൈര്യം അവര്‍ക്കുമില്ല. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ പെടുന്ന മഴുവന്നൂര്‍, തിരുവാണിയൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകര്‍ സ്വന്തം നിലയില്‍ കൃഷി ചെയ്തെടുക്കുന്ന ഉല്‍പന്നങ്ങളാണ് ഇവിടങ്ങളിലത്തെുന്നത്. മണ്ണില്‍പണിയെടുക്കുന്ന ഇവര്‍ക്ക് ലഭിക്കുന്നതാകട്ടെ നാമമാത്ര തുകയും. ഇതിനു പുറമെയാണ് ഇടനിലക്കാരുടെ ചൂഷണവും ശക്തമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.