പായിപ്രയിലെ പാറമടകള്‍ക്ക് പച്ചക്കൊടി

മൂവാറ്റുപുഴ: പരാതി ഒഴിവാക്കി പാറമടകളുടെ പ്രവര്‍ത്തനം തുടരണമെന്ന് സര്‍വകക്ഷി യോഗം. എന്നാല്‍ പാറമടകളുടെ പ്രവര്‍ത്തനം നിയമവിധേയമായി മാത്രമേ നടത്താവൂവെന്ന് നാട്ടുകാര്‍. പായിപ്ര പഞ്ചായത്തിലെ മാനാറിയിലും പോയാലിയിലും പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ ജനരോഷമുയര്‍ന്നതിനെ തുടര്‍ന്നാണ് പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ പാറമടകളുടെ പ്രവര്‍ത്തനം തടയേണ്ടെന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്. പരാതികളൊഴിവാക്കി പാറമട പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിക്കാനായിരുന്നു തീരുമാനം. നിയമങ്ങള്‍ പാലിച്ചും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെയുമാണ്പ്രവര്‍ത്തിക്കേണ്ടതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. പന്ത്രണ്ടോളം പാറമടകള്‍ പ്രവര്‍ത്തിക്കുന്ന മാനാറിയിലെയും മൂന്ന് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പായിപ്ര, പോയാലി മേഖലകളിലെയും ജനങ്ങള്‍ പാറമടകള്‍ക്കെതിരെ രംഗത്തുവന്നിട്ട് നാളുകളായി. പാറമടകളില്‍ നിന്നുള്ള മലിന ജലം നൂറുകണക്കിനാളുകള്‍ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന കല്‍ചിറയിലേക്കും അമ്പലത്തോട്ടിലേക്കും മുളവൂര്‍ തോട്ടിലേക്കും ഒഴുക്കിയതോടെ വന്‍ ആരോഗ്യ പ്രശ്നങ്ങളാണ് ജനങ്ങള്‍ക്കുണ്ടായത്. പലരുടെയും ശരീരം മുഴുവന്‍ തടിച്ചു പൊങ്ങുകയും ശ്വാസം മുട്ടടക്കമുള്ള രോഗങ്ങള്‍ ബാധിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ജിയളോജിക്കല്‍ അധികൃതര്‍ക്കടക്കം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പാറമടയില്‍ പരിശോധന നടത്തി ഒരെണ്ണം അടച്ചുപൂട്ടിയത്. പാറമടകളില്‍ കൂടുതല്‍ പരിശോധന നടക്കുമെന്നു വന്നതോടെയാണ് പഞ്ചായത്ത് അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചത്. യോഗത്തിനു മുമ്പേ പ്രമുഖ ഭരണ, പ്രതിപക്ഷ കക്ഷികളുടെ രഹസ്യ യോഗം ചേര്‍ന്ന് പാറമടകള്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നതായാണ് സൂചന. ഇതിന്‍െറ അടിസ്ഥാനത്തിലാണ് യോഗത്തില്‍ പാറമടകള്‍ക്ക് അനുകൂല സാഹചര്യം ഒരുങ്ങിയത്. എല്ലാ നിയമങ്ങളും കാറ്റില്‍ പരത്തി പ്രവര്‍ത്തിക്കുന്ന മാനാറിയിലെ മടകള്‍ക്കെതിരെ കാര്യമായ പരാതികളൊന്നും ഇതുവരെ നാട്ടുകാര്‍ക്കുണ്ടായിരുന്നില്ല. മലിനജലം തോട്ടിലൊഴുക്കി തങ്ങളുടെ കുടിവെള്ളം കൂടി മുട്ടിച്ചതോടെയാണ് നാട്ടുകാര്‍ പരാതികളുമായി രംഗത്തിറങ്ങിയത്. നിയമങ്ങളെല്ലാം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മടകള്‍ക്കെതിരെ നിയമ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു പരാതി നല്‍കിയിരുന്നത്. ജിയോളജി, പൊല്യൂഷന്‍ നിയമങ്ങള്‍ അടക്കം ലംഘിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. 20 അടി വീതംതാഴ്ചയിലത്തെുമ്പോള്‍ തട്ടു തട്ടായി വെട്ടിയിറക്കണമെന്ന നിയമം ലംഘിച്ച് കുത്തനെയാണ് പാറ പൊട്ടിച്ചിരിക്കുന്നത്. ഭൂഗര്‍ഭ പരിധി ലംഘിച്ചുള്ള ഖനനവും പരാതിയില്‍ പറഞ്ഞിരുന്നു. ഒരേസമയം പാറ പൊട്ടിക്കുന്നതിന് 300ഓളം സ്ഥലത്ത് വരെ സ്ഫോടനം നടത്തിയിരുന്നു. ഇത് വന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.