ഇന്‍ഫോപാര്‍ക്ക് മേഖലയിലെ മലിനീകരണം; ഫേസ്ബുക് കൂട്ടായ്മയുമായി ഐ.ടി സംരംഭകന്‍

പള്ളിക്കര: സ്മാര്‍ട്ട് സിറ്റി-ഇന്‍ഫോപാര്‍ക്ക് മേഖലയിലെ രൂക്ഷമായ മലിനീകരണം ഐ.ടി സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നതോടെ ബോധവത്കരണവുമായി ഫേസ്ബുക് കൂട്ടായ്മ. ഗ്രീന്‍ കേരള എന്ന പേരില്‍ ഇന്‍ഫോപാര്‍ക്കിലെ അബാ സോഫ്റ്റ് കമ്പനി എം.ഡി സുജാസ് അലിയാണ് ഫേസ്ബുക് കൂട്ടായ്മ ഒരുക്കിയത്. കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് നിര്‍മിച്ച മാലിന്യ സംസ്കരണ പ്ളാന്‍റിലെ മലിനീകരണവും ദുര്‍ഗന്ധവുമാണ് സമീപത്തെ കിന്‍ഫ്ര വ്യവസായ മേഖലയിലും ഇന്‍ഫോപാര്‍ക്കിലും ദുരിതം സൃഷ്ടിക്കുന്നത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഓഫിസില്‍നിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇന്‍ഫോര്‍ക്കിലെ ജീവനക്കാര്‍ മാലിന്യപ്ളാന്‍റ് സന്ദര്‍ശിച്ച് അവസ്ഥ മനസ്സിലാക്കി. തുടര്‍ന്നാണ് ഫേസ്ബുക് കൂട്ടായ്മ ഉണ്ടാക്കിയതെന്ന് സുജാസ് അലി പറയുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം ഐ.ടി സംരംഭകര്‍ കൂട്ടായ്മയില്‍ പങ്കാളികളാണ്. അന്തരീക്ഷ മലിനീകരണം പ്രഫഷനലുകള്‍ക്കിടയില്‍ കൊച്ചിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന ആശങ്ക ഐ.ടി സംരംഭകര്‍ക്കുണ്ട്. സ്മാര്‍ട്ട്സിറ്റിയും ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടവും ആരംഭിച്ചതോടെ കൂടുതല്‍ സംരംഭകരും ഐ.ടി വിദഗ്ധരും ഇവിടെയെത്തേണ്ടതാണ്. ഇതിനിടെയാണ് മാലിന്യ പ്ളാന്‍റില്‍നിന്നുള്ള ദുര്‍ഗന്ധം അധികൃതര്‍ക്ക് തലവേദനയാകുന്നത്. സ്മാര്‍ട്ട്സിറ്റി പരിസരത്ത് മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളോ മാലിന്യനിക്ഷേപമോ പാടില്ളെന്ന് സ്മാര്‍ട്ട്സിറ്റി സര്‍ക്കാറുമായുണ്ടാക്കിയ കരാറില്‍ പറയുന്നുണ്ട്. സ്മാര്‍ട്ട്സിറ്റിയുടെ ഭംഗിക്കും പ്രൗഢിക്കും കോട്ടം തട്ടുന്ന വിധത്തില്‍ കൈയേറ്റങ്ങളോ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളുടെ തള്ളിക്കയറ്റമോ മാലിന്യനിക്ഷേപമോ മാംസസംസ്കരണശാലയോ മലിനജല നിക്ഷേപ സാധ്യതയോ സ്മാര്‍ട്ട്സിറ്റിക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പാടില്ല. എന്നാല്‍, മാലിന്യ പ്ളാന്‍റില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരമേയുള്ളൂ സ്മാര്‍ട്ട്സിറ്റി പ്രദേശത്തേക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.