ബജറ്റ് അവതരണം അനിശ്ചിതത്വത്തില്‍

ആലുവ: നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ തയാറാക്കിയ ഈ വര്‍ഷത്തെ ബജറ്റ് 2013-14 ബജറ്റിന്‍െറ തനിയാവര്‍ത്തനമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. ധനകാര്യകമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങളാണ് ആവര്‍ത്തനം ആരോപിച്ച് ബജറ്റിന് അംഗീകാരം നിഷേധിച്ചത്. ഇതോടെ ബജറ്റ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആലുവ നഗരസഭയിലെ ഭരണപക്ഷമായ കോണ്‍ഗ്രസിന് ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആറുമാസത്തെ കാലാവധിയുള്ള വോട്ട് ഓണ്‍ അക്കൗണ്ടിലാണ് പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്. വോട്ട് ഓണ്‍ അക്കൗണ്ടിന്‍െറ കാലാവധി അവസാനിക്കാറായതോടെയാണ് സമ്പൂര്‍ണ ബജറ്റിന് ശ്രമം ഊര്‍ജിതപ്പെടുത്തിയത്. ധനകാര്യകമ്മിറ്റിയില്‍ പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. അതിനാല്‍ ബജറ്റ് പാസാക്കാന്‍ ഭരണപക്ഷത്തിന്‍െറ ശ്രമം തുടരുകയാണ്. വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, സൗമ്യ കാട്ടുങ്കല്ല് എന്നിവരാണ് സമിതിയിലെ ഭരണപക്ഷാംഗങ്ങള്‍. പ്രതിപക്ഷത്തുനിന്ന് രാജീവ് സക്കറിയ, പി.സി. ആന്‍റണി, മിനി ബൈജു എന്നിവരാണ് അംഗങ്ങള്‍. ബജറ്റ് ആവര്‍ത്തനമെന്ന ആരോപണം ഉന്നയിച്ച് വ്യാഴാഴ്ച ചേര്‍ന്ന ധനകാര്യ സ്ഥിരം സമിതിയില്‍നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് ബജറ്റിലൂടെ അവതരിപ്പിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയതായി പദ്ധതികള്‍ അവതരിപ്പിക്കാതെ ഡി.എം.ആര്‍.സിയുടെ പദ്ധതികളും ബജറ്റില്‍ ചേര്‍ത്തിരിക്കുകയാണ്. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കാതെ കണക്ക് പെരുപ്പിക്കുകയാണ് നഗരസഭ. 26 വാര്‍ഡുകളിലും വികസന പ്രവര്‍ത്തനങ്ങളെ പറ്റി ഒന്നും പറയുന്നില്ല. പൊതുമാര്‍ക്കറ്റ്, മിനി മാര്‍ക്കറ്റ്, പാര്‍ക്ക്, ഗതാഗത പ്രശ്നത്തിന് പരിഹാരം, ടൗണ്‍ഹാള്‍, ജൈവകൃഷി, ലോഹിതദാസ് സ്മൃതി മണ്ഡപം, ഇ.എം.എസ് സാംസ്കാരിക കേന്ദ്രം തുടങ്ങിയ പദ്ധതികള്‍ ബജറ്റില്‍ പറയുന്നില്ളെന്ന് പ്രതിപക്ഷം ആരോപിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നഗരസഭ ആക്ട് പ്രകാരം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷം നിര്‍ദേശിക്കുന്ന ഭേദഗതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ തയാറാകണമെന്ന് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.