ഒ.പി തുടങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചെന്ന്്

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്‍റര്‍ ഒ.പി ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും മെഡിക്കല്‍ കോളജിന്‍െറയും വികസനത്തെ സംബന്ധിച്ച് എറണാകുളം കരയോഗവും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്മെന്‍റും ടി.ഡി.എം ഹാളില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ചയിലാണ് പി. രാജീവ് ഇക്കാര്യം പറഞ്ഞത്. 29ന് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഗവേണിങ് കൗണ്‍സില്‍ ചേരും. 27ന് മെഡിക്കല്‍ കോളജിലെ കോണ്‍വൊക്കേഷന് മുഖ്യമന്ത്രിയത്തെുമ്പോഴും ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും. 25ന് മെഡിക്കല്‍ കോളജും പരിസരവും നാട്ടുകാരുടെ നേതൃത്വത്തില്‍ ശുചീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ സെന്‍ററില്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ യന്ത്രസാമഗ്രികളും തയാറായിട്ടുണ്ടെന്നും ഇനി ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചാല്‍ മതിയെന്നും കേരളത്തിന് ഓണസമ്മാനമായി സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. തുടക്കത്തില്‍ രണ്ടു ഡോക്ടറെയെങ്കിലും നിയമിച്ച് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം. ഒ.പി ആരംഭിക്കുന്നതിന് തടസ്സം സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടുകളാണെന്നും തടസ്സങ്ങള്‍ നീക്കി കാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ സെന്‍റര്‍ സാക്ഷാത്കരിക്കുന്നതിനായി താന്‍ എന്നും പിന്നണിയിലുണ്ടാകുമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച പ്രഫ. എം.കെ. സാനു പറഞ്ഞു. കാന്‍സര്‍ സെന്‍റര്‍ ഒരിക്കലും മെഡിക്കല്‍ കോളജിന്‍െറ വളര്‍ച്ചക്ക് തടസ്സമാകാത്ത തരത്തിലായിരിക്കണം ആസൂത്രണമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ശ്രീകല പറഞ്ഞു. കാന്‍സര്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നത് മെഡിക്കല്‍ കോളജ് അധികൃതരാണെന്ന വാദം തെറ്റാണ്. കാന്‍സര്‍ സെന്‍റര്‍ ഒ.പി പ്രവര്‍ത്തനം തുടങ്ങാനുള്ള എല്ലാ നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ വ്യക്തമാക്കി. മൊത്തം 60 ഏക്കറില്‍ 12 ഏക്കറാണ് കാന്‍സര്‍ സെന്‍ററിനായി മാറ്റിവെച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ വിവിധ രംഗത്തെ പ്രഗല്ഭരും മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളും പങ്കെടുത്തു. എറണാകുളം കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കെ.ആര്‍. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എ.എല്‍.എ, ഫാദര്‍ ചിറമ്മേല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ടി.ജി. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സാനു ഫൗണ്ടേഷന്‍ ജെ.ബി. കോശിക്ക് ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.